ഗെയില്‍, ബൈപാസ് സ്ഥലമെടുപ്പ്: രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇരട്ടത്താപ്പ്

കണ്ണൂര്‍: ഏക്കര്‍ കണക്കിനു വയല്‍ നികുത്തിയുള്ള ബൈപാസ് നിര്‍മാണത്തിനെതിരേ സമരം നടത്തുന്ന കകീഴാറ്റൂരില്‍ സമരം ശക്തമാക്കാന്‍ വയല്‍കിളികളുടെ തീരുമാനം. അതേസമയം, പാര്‍ട്ടി അണികളെ വിശ്വാസത്തിലെടുക്കാനായതും സമരം നിര്‍വീര്യമാക്കാനാവുമെന്നുമുള്ള കണക്കുകൂട്ടലിലാണ് സിപിഎം. വിവിധ സംഘടനകളെ കൂട്ടുപിടിച്ച് ഐക്യദാര്‍ഢ്യസമ്മേളനം ഉള്‍പ്പെടെയുള്ള സമരവുമായി മുന്നോട്ടുപോവാനാണു തീരുമാനം. അതേസമയം, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അതിക്രമത്തിനെതിരേ പ്രതിഷേധിച്ചെങ്കിലും ദേശീയപാത വികസനത്തിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. സിപിഐ സമരത്തിന്റെ ആദ്യഘട്ടത്തില്‍ സമരക്കാര്‍ക്കൊപ്പം നിന്നത് സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നു. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനപ്പുറം സിപിഎമ്മില്‍ ഭിന്നിപ്പുണ്ടാക്കാമെന്നാണ് സിപിഐ കരുതുന്നതെന്നായിരുന്നു വിമര്‍ശനം. ഇതിനിടയിലാണ് ബിജെപിയുടെ കടന്നുവരവ്. എന്നാല്‍, ദേശീയപാത വികസനത്തിലും ഇതിനേക്കാള്‍ അപകടകരമായ ഗെയില്‍ പൈപ്പ് ലൈനിനു വേണ്ടിയുള്ള സ്ഥലമെടുപ്പിലും ഇത്തരം രാഷ്ട്രീയപാര്‍ട്ടികള്‍ ഇരട്ടത്താപ്പ് തുടരുകയാണ്. ജില്ലയില്‍ തന്നെ ഗെയില്‍ പൈപ്പ് ലൈനിനെതിരേ ശക്തമായ സമരം നടന്ന കാഞ്ഞിരോട് പുറവൂര്‍, പാനൂര്‍ കുറ്റേരി, കടവത്തൂര്‍ ഭാഗങ്ങളില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിന് അനുകൂലമായാണു പെരുമാറുന്നത്. വയല്‍ നികത്തുമ്പോള്‍ ജലസ്രോതസ്സും നെല്ലുല്‍പ്പാദനവും പ്രതിസന്ധിയിലാവുമ്പോള്‍ ഗ്യാസ് പൈപ്പ്‌ലൈനിലൂടെ ജീവനുതന്നെ ഭീഷണിയുയര്‍ത്തുന്ന വാതകമാണു ഭൂമിക്കടിയിലൂടെ കടന്നുപോവുന്നതെന്ന് വിസ്മരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇരുപദ്ധതികളുടെയും കാര്യത്തില്‍ ബിജെപിയാവട്ടെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ശ്രമത്തിലാണ്. ദേശീയപാത വിഭാഗത്തില്‍ സമ്മര്‍ദം ചെലുത്താമെന്നിരിക്കെ അതിനു ശ്രമിക്കാതെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി നേട്ടം കൊയ്യാമെന്നാണു കരുതുന്നത്. പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഇന്ധന സംഭരണ ശാലയ്‌ക്കെതിരേ സിപിഎം പ്രതിനിധിയായ സി കൃഷ്ണന്‍ എംഎല്‍എയുടെ ആശിര്‍വാദത്തോടെയാണ് സമരം നടത്തുന്നത്. ദേശീയ പാത വികസനത്തിലും തങ്ങള്‍ക്കു ബാധകമാവുന്ന സ്ഥലങ്ങളില്‍ മാത്രം സമരവും അല്ലാത്തിടത്ത് സമരക്കാര്‍ക്കെതിരുമാവുന്ന വിചിത്രനിലപാടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കൈക്കൊള്ളുന്നതെന്നതും ഇരട്ടത്താപ്പ് വെളിവാക്കുന്നതാണ്.

RELATED STORIES

Share it
Top