ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കല്‍: പുല്‍പറ്റ കല്ലച്ചാല്‍ ഗ്രാമം ഒറ്റപ്പെടുന്നു

റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: ഗെയില്‍ വാതക പൈപ്പിടല്‍ പ്രവൃത്തി പുല്‍പറ്റ പഞ്ചായത്തിലെ കല്ലച്ചാല്‍ ഗ്രാമത്തെ ഒറ്റപ്പെടുത്തി. പൈപ്പിടാന്‍ ആഴത്തില്‍ കിടങ്ങുകള്‍ നിര്‍മിച്ചത് കനത്ത മഴയില്‍ കൈത്തോടുകളായി മാറിയതോടെ പ്രദേശത്തെ കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി.
കല്ലച്ചാലിലേക്കുള്ള പ്രധാന സഞ്ചാര മാര്‍ഗവും തകര്‍ന്നു. ഇതോടെ പുറംലോകവുമായി ബന്ധപ്പെടാന്‍ കിലോമീറ്ററുകള്‍ ചുറ്റിസഞ്ചരിക്കേണ്ട ഗതികേടിലാണ് ഗ്രാമീണര്‍. വീടുകളില്‍ വെള്ളം കയറിയും കുടിവെള്ള സ്രോതസ്സുകള്‍ മലിനമായും മേഖലയിലിപ്പോള്‍ ജനജീവിതം ദുസ്സഹമാണ്.പുല്‍പറ്റ ഗ്രാമ പഞ്ചായത്തിലെ 13-ാം വാര്‍ഡിലുള്‍പെടുന്ന കല്ലച്ചാല്‍ ഭാഗത്ത് 130ല്‍പരം കുടുംബങ്ങളാണ് താമസിക്കുന്നത്. മലഞ്ചെരുവിലെ ഈ താഴ്‌വാര ഗ്രാമത്തില്‍ കൃഷിയാണ് പ്രധാന ഉപജീവന മാര്‍ഗം. മലയില്‍നിന്നും ഉല്‍ഭവിക്കുന്ന ചോല ചെന്നെത്തുന്ന കല്ലച്ചാല്‍ തോടിനോടു ചേര്‍ന്ന് വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ കുഴിയെടുത്തതാണ് ദുരിതമായത്. പ്രവൃത്തി പൂര്‍ത്തിയായ ഭാഗങ്ങളില്‍പോലും കിടങ്ങുകള്‍ പൂര്‍ണമായും നികത്തിയിട്ടില്ല. ഇതോടെ തോട് ഗതിമാറിയൊഴുകുകയാണ്. പുതിയൊരു തോടുതന്നെ രൂപപ്പെട്ട നിലയിലാണ് പ്രദേശം. വാതക പൈപ്പ് ലൈന്‍ സ്ഥാപിച്ച കിടങ്ങിലൂടെ വെള്ളം കുത്തിയൊഴുകി ഒരു കിലോമീറ്ററോളം ദൂരത്തില്‍ പാടശേഖരങ്ങള്‍ വെള്ളക്കെട്ടിലാണ്. പ്രദേശത്തെ വീടുകളിലും വെള്ളം കയറി.
മേഖലയിലേക്കുള്ള പ്രധാന സഞ്ചാര പാതയായ പുല്‍പറ്റ കല്ലച്ചാല്‍ റോഡും തകര്‍ന്നു കിടക്കുകയാണ്. മദ്‌റസകളിലേക്കും പള്ളിയിലേക്കും സ്‌കൂളിലേക്കുമെല്ലാം കിലോമീറ്ററുകള്‍ ചുറഅറി സഞ്ചരിക്കേണ്ട ഗതികേടിയാണ് കല്ലച്ചാല്‍ നിവാസികളും തൊട്ടടുത്തെ തോട്ടേക്കാടുള്ളവരും. തോട്ടേക്കാട് നിന്നും പുല്‍പറ്റയിലെത്തി മൂന്നു കിലോമീറ്ററുകളോളം സഞ്ചരിച്ചാല്‍മാത്രമെ മീറ്ററുകള്‍ അകലെയുള്ള കല്ലച്ചാലിലെ പള്ളിയിലേക്കുപോലും നാട്ടുകാര്‍ക്കെത്താനാവൂ.പ്രശ്‌നം സങ്കീര്‍ണമായതോടെ ജനരോഷം മുന്‍നിര്‍ത്തി ഗെയില്‍ അധികൃതര്‍ തകര്‍ന്ന റോഡില്‍ താല്‍ക്കാലിക ബണ്ട് നിര്‍മിച്ചെങ്കിലും കനത്ത മഴയില്‍ ഇതും തകര്‍ച്ചാ ഭീഷണിയിലാണ്. കാല്‍നടയാത്രപോലും ഇവിടെ സാധ്യമല്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
തോട് ഗതിമാറിയൊഴുകുന്നതിനാല്‍ കിണറുകള്‍ മലിനമായതും മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നതും രോഗഭീഷണിയും ഉയര്‍ത്തുന്നുണ്ട്. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.

RELATED STORIES

Share it
Top