ഗെയില്‍ പദ്ധതി: നഷ്ടപരിഹാരം ലഭിച്ചില്ല; മാര്‍ച്ചും ധര്‍ണയും ഇന്ന്

മാള: സര്‍ക്കാര്‍ നിശ്ചയിച്ച തുച്ചമായ വിലയ്ക്ക് പൊയ്യ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് കിസാന്‍ സഭയുടെ നേത്യത്വത്തില്‍ ഇന്ന് പൊയ്യ വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടക്കും. കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് കെ വി വസന്ത്കുമാര്‍ ഉദ്ഘാടനം ചെയ്യും.
ടി എം ബാബു, ജോജി ജോര്‍ജ്ജ്, എ എ ഹക്കിം പങ്കെടുക്കും. കൊച്ചിയിലെ എല്‍ എ ന്‍ ജി പെട്രോനെറ്റില്‍ നിന്ന് കേരളത്തിലെ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കൂടിയാണ് ഗെയില്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. എറണാകുളം ജില്ലയോടു ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് പൊയ്യ. ഗെയില്‍ പദ്ധതിക്കായി പത്ത് മീറ്റര്‍ വീതിയിലാണ് പഞ്ചായത്തിനെ രണ്ടായി വിഭജിക്കുന്ന രീതിയില്‍ സ്ഥലം ഏറ്റെടുത്തിരിക്കുന്നത്.
ഗെയില്‍ പദ്ധതി കടന്നുപോകുന്ന കൃഷിയിടങ്ങളില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കൃഷി ചെയ്യാന്‍ സാധിച്ചിട്ടില്ല. തെങ്ങ്, കവുങ്ങ് തുടങ്ങിയ ഫല വ്യക്ഷങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെയും ഒരു നഷ്ടപരിഹാരവും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. അടിയന്തിരമായി ഗെയില്‍ പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്തിന്റെ വിലയും കൃഷി ചെയ്യാന്‍ സാധിക്കാത്ത കാലയളവിലെ നഷ്ടപരിഹാരവും ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്.

RELATED STORIES

Share it
Top