ഗെയില്‍ പദ്ധതി: കാരശ്ശേരിയില്‍ പ്രവൃത്തി പുനരാരംഭിച്ചു

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ സര്‍ക്കാര്‍ പറമ്പില്‍ ഗെയ്ല്‍  വാതക പൈപ്പ് ലൈനിന്റെ പ്രവൃത്തി പുനരാരംഭിച്ചു. ഗെയില്‍ വിരുദ്ധ സമരം ഏറ്റവും ശക്തമായിരുന്ന പ്രദേശമായിരുന്നു സര്‍ക്കാര്‍ പറമ്പ്. മലയോരത്ത് പദ്ധതി നടപ്പാക്കുന്ന ഭാഗങ്ങളില്‍ ഏറ്റവുമധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം കൂടിയാണിത്.
ഒട്ടേറെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും സമീപത്ത് കൂടിയാണ് ഈ ഭാഗത്ത്  പദ്ധതി കടന്ന് പോവുന്നത്. പ്രതിഷേധം മുന്നില്‍ കണ്ട്  വന്‍ പോലിസ് സന്നാഹത്തോടെയാണ് ഇവിടെ പ്രവൃത്തി നടക്കുന്നത്. വന്‍ പോലിസ് സംഘത്തെ വിന്യസിച്ചതിന് പുറമെ ജലപീരങ്കിയടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇന്നലെ രാവിലെ 10.30 ഓടെ പ്രവൃത്തിയാരംഭിച്ചങ്കിലും കാര്യമായ പ്രതിഷേധമൊന്നും ഉണ്ടായില്ല. ചുരുക്കം ചിലര്‍ക്ക്  നഷ്ടപ്പെട്ട മരങ്ങളുടേയും പണം ലഭിച്ചില്ലന്ന് പറഞ്ഞ് അവര്‍ ഗെയില്‍ അധികൃതര്‍ക്ക് മുന്നില്‍ പരാതിയുമായെത്തി. രണ്ടാഴ്ചക്കകം ഈ ഭാഗത്തെ പ്രവൃത്തി പൂര്‍ത്തികരിക്കാനാവുമെന്നാണ് പ്രതീക്ഷ. കോഴിക്കോട് മലപ്പുറം ജില്ലകളിലായി പ്രശ്‌നമുണ്ടാവുമെന്ന് കരുതിയിരുന്ന പ്രദേശങ്ങളില്‍ കാര്യമായ പ്രതിഷേധമൊന്നുമില്ലാതെ പവൃത്തി നടത്താനായതില്‍ പോലിസിനും ഗെയിലധികൃതര്‍ക്കും വളരെ ആശ്വാസമാണ്.
അത് കൊണ്ട് തന്നെ വരുന്ന ജൂണില്‍ പദ്ധതി കമ്മീഷന്‍ ചെയ്യാനാവുമെന്ന് തന്നെയാണ് അധികൃതരുടെ വിശ്വാസം. അതേ സമയം ജനവാസ മേഖലയില്‍ യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവൃത്തി നടത്തുന്ന ഗെയിലിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് പ്രവൃത്തി തടയുമെന്ന് സമരസമിതി അറിയിച്ചു.

RELATED STORIES

Share it
Top