ഗെയില്‍ നിലപാടുകള്‍ സിപിഎം ഏരിയാ സമ്മേളനങ്ങളില്‍ വിമര്‍ശന വിധേയമാവുന്നു

മലപ്പുറം: ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരേ  സിപിഎം പ്രവര്‍ത്തകര്‍ ഏരിയാസമ്മേളനങ്ങളില്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നു. യുഡിഎഫ് ഭരണ കാലത്ത് പൈപ്പ് ലൈനിനെതിരേ രംഗത്തുവന്ന പാര്‍ട്ടിയുടെ നയം മാറ്റം ജനങ്ങളില്‍നിന്നും പാര്‍ട്ടിയെ ഒറ്റപ്പെടുത്തുമെന്ന അഭിപ്രായമാണ് ഉയര്‍ന്നുവരുന്നത്. പാര്‍ട്ടിയുടെ നിലപാട് ഇപ്പോഴുള്ളതാണെങ്കില്‍ യുഡിഎഫ് ഭരണ കാലത്ത് പാര്‍ട്ടിയും പ്രവര്‍ത്തകരും എന്തിന് പ്രക്ഷോഭകര്‍ക്കൊപ്പം നിന്നുവെന്ന ചോദ്യത്തിന് മറുപടി പറയാന്‍ നേതാക്കള്‍ക്കാവുന്നില്ല. സമര രംഗത്തുള്ളവരെ തീവ്രവാദികള്‍, ഭീകരവാദികള്‍ എന്നെല്ലാം വിളിക്കുന്ന കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്റെ പേരെടുത്തു പറഞ്ഞുതന്നെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. പല സ്ഥലങ്ങളില്‍ പല നിലപാടുകള്‍ പാര്‍ട്ടിക്ക് സ്വീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ നിലപാടിനുമുമ്പ് പാര്‍ട്ടി പ്രവര്‍ത്തകരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും വ്യാപകമായ വിമര്‍ശനമാണ് ഏരിയാ സമ്മേളനങ്ങളില്‍ ഉയരുന്നത്. മലപ്പുറം ഏരിയാ സമ്മേളനത്തിലും വിഷയം ഉന്നയിക്കപ്പെടുകയുണ്ടായി. വരും നാളുകളില്‍ നടക്കുന്ന ഏരിയാ സമ്മേളനങ്ങളിലും വിമര്‍ശനം ഉയരാന്‍ സാധ്യതയുണ്ട്. ഗെയില്‍ വാതക പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ സമ്മേളനങ്ങളിലെല്ലാം പ്രവര്‍ത്തകര്‍ ഈ വിഷയം ഗൗരവത്തില്‍ ഉന്നയിക്കുന്നുണ്ടെങ്കിലും വികസന പ്രവര്‍ത്തനമെന്ന നിലയില്‍ സര്‍ക്കാരിന് പിന്‍മാറാനാവില്ലെന്ന മറുപടിയാണ് ഉണ്ടാകുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെപ്പോലും വിഷയം ബോധ്യപ്പെടുത്തുന്നതില്‍ നേതാക്കള്‍ പരാജയപ്പെട്ടുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സര്‍ക്കാരിന്റെ പ്രതിച്ഛായ തന്നെ ഇത്തരം നിലപാടുകള്‍ ഇല്ലാതാക്കുമെന്നും യുഡിഎഫിലെ കോണ്‍ഗ്രസ്, ലീഗ് കക്ഷികള്‍ അവസരം മുതലെടുക്കുമെന്നും സമ്മേളന പ്രതിനിധികള്‍ ചര്‍ച്ചയില്‍ പറയുന്നുണ്ട്. ഗെയില്‍ പാര്‍ട്ടിക്കും കീറാമുട്ടിയാവുവെന്നാണ് സമ്മേളനങ്ങളിലെ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന നിലപാടും പലരും മുന്നോട്ടുവയ്ക്കുന്നുണ്ട്. അലൈന്‍മെന്റ് മാറ്റണമെന്ന ആവശ്യം ബ്രാഞ്ച്-ലോക്കല്‍ സമ്മേളനങ്ങളിലും ഉയര്‍ന്നിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഗെയില്‍ വിഷയം തിരിച്ചടിയാവുമെന്ന മുന്നറിയിപ്പും പല പ്രതിനിധികളും ഉന്നയിക്കുന്നുണ്ട്.

RELATED STORIES

Share it
Top