ഗെയില്‍: അലൈന്‍മെന്റ് മാറ്റിയതിന് രേഖയുമായി നാട്ടുകാര്‍

മുക്കം: കൊച്ചി മംഗലാപുരം വാതക പൈപ്പ് ലൈന്‍ പ്രവൃത്തി നാട്ടുകാര്‍ വീണ്ടും തടഞ്ഞു. ഗെയില്‍ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ എരഞ്ഞിമാവിലാണ് പ്രവൃത്തി തടഞ്ഞത്. പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റിയതായി ആരോപിച്ചാണ് പ്രവൃത്തി തടഞ്ഞത്. ഇന്നലെ പകല്‍ 11.30 ഓടെയായിരുന്നു സംഭവം.എരഞ്ഞിമാവിലെ സര്‍വേ നമ്പര്‍ 51/3 ലാണ് പദ്ധതിക്കായി ഭൂമി നോട്ടിഫൈ ചെയ്തതെന്നും എന്നാല്‍ പദ്ധതി കടന്നു പോവുന്നത് 51/4 ലാണന്നും സമരസമിതി പറയുന്നു. വില്ലേജ് ഓഫീസില്‍ നിന്നെടുത്ത അടങ്കല്‍ രേഖ പ്രകാരമാണ് സമരസമിതിയും നാട്ടുകാരുമെത്തിയത്. നോട്ടിഫൈ ചെയ്യാത്ത ഭൂമിയില്‍ പ്രവൃത്തി നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവുള്ളതാണന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രശ്‌നം രൂക്ഷമായതോടെ മുക്കം എസ്‌ഐമാരായ കെ പി അഭിലാഷ്, ജോയി എന്നിവരും സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയങ്കിലും ഫലമുണ്ടായില്ല. വ്യക്തമായ രേഖയുണ്ടന്ന് ഗെയില്‍ അധികൃതര്‍ പറഞ്ഞുവെങ്കിലും അത് നാട്ടുകാര്‍ക്ക് മുന്നില്‍  കാണിക്കാനും  അവര്‍ക്കായില്ല. തുടര്‍ന്ന് കൊടിയത്തൂര്‍ വില്ലേജ് ഓഫീസര്‍ സുബ്രമണ്യനും സ്ഥലത്തെത്തി സാങ്കേതിക പ്രശ്‌നമാണന്ന് പറഞ്ഞങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. അതിനിടെ പോലീസും സമരക്കാരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. പ്രശ്‌നം രൂക്ഷമായതോടെ ഇന്നലെ പ്രവൃത്തി നിര്‍ത്തിവെക്കുകയും ചെയ്തു. മലയോര മേഖലയില്‍ കൊടിയത്തൂര്‍, കാരശേരി പഞ്ചായത്തുകളില്‍ മാത്രം അലൈന്‍മെന്റ് മാറ്റിയതായുള്ള മൂന്നാമത്തെ പരാതിയാണിത്. ചിലര്‍ ഉന്നതങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി അലൈന്‍മെന്റ് മാറ്റുകയാണന്നും സമരസമിതിയടക്കമുള്ളവര്‍ പറയുന്നു. എരഞ്ഞിമാവ് സമരസമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍, എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ടി പി മുഹമ്മദ്, മജീദ് പുതുക്കുടി റൈഹാനബേബി, ബാവ പവര്‍വേള്‍ഡ്, അഡ്വ പ്രദീപ്— കുമാര്‍, ബഷീര്‍, കരീം, വി പി അസൈന്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top