ഗെയില്‍ അതിക്രമങ്ങള്‍ അതിരുവിടുന്നു: സമരസമിതി

മലപ്പുറം: ഗെയില്‍ പദ്ധതി നടപ്പാക്കുന്നതിനു നാട്ടില്‍ നടക്കുന്ന അതിക്രമങ്ങള്‍ അതിരുവിടുന്നതായി മലപ്പുറം ജില്ല ഗെയില്‍ വിരുദ്ധ സമര സമതി കുറ്റപ്പെടുത്തി. പോലിസിനെ ഉപയോഗിച്ച് നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ് ഭീകരതക്കു മുന്നില്‍ സംഘടനകള്‍ മൗനം പാലിക്കുന്നതു ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നു സമര സമിതി കുറ്റപ്പെടുത്തി.
മലപ്പുറത്തെ ജനങ്ങളുടെ കുടിവെള്ള സ്രോതസ്സായി ചാമക്കയം തടയണ പൊളിക്കാനുള്ള നീക്കം നടന്നുവരുന്നു. പള്ളികളുടെയും മദ്രസകളുടെയും വഖ്ഫ് സ്വത്തുക്കളിലൂടെ ഒരു നോട്ടീസോ മുന്നറിയിപ്പോ നല്‍കാതെ കടന്നു കയറി അതിക്രമം കാണിക്കുന്നതു മത സംഘടനകള്‍ പോലും നോക്കി നില്‍ക്കുകയാണ്. ചോദിക്കാന്‍ ചെന്നവരെ  കള്ളക്കേസില്‍ കുടുക്കി പോലിസിനെ ഉപയോഗിച്ച് വിരട്ടുകയാണ്. ജനാധിപത്യ മര്യാദകള്‍ പോലും ധ്വംസിക്കപ്പെടുന്നു. ഗെയില്‍ പ്രവൃത്തി നടക്കുന്ന പ്രദേശങ്ങളില്‍ രാത്രികളില്‍ പോലും പോലിസ് ഭീകരത സൃഷ്ടിക്കുകയാണ്.
പൈപ്പ് ലൈനിട്ട് പൂര്‍ത്തീകരിച്ചാല്‍ ഗ്യാസ് കടത്തിവിടുന്ന ആദ്യ സമയങ്ങളില്‍ ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ജനങ്ങളെ താല്‍ക്കാലികമായെങ്കിലും മാറ്റി താമസിപ്പിക്കേണ്ടിവരും എന്ന് ഇപ്പോള്‍ ഗെയില്‍ അധികൃതര്‍ പറയുന്നു. സമര സമതി നേരത്തെ ഉന്നയിച്ച അപകടത്തിന്റെ പ്രത്യാഘാതങ്ങള്‍ ഒരു കിലോമീറ്റര്‍ വരുമെന്ന മുന്നറിയിപ്പ് ശരിവെക്കുന്നതാണ് ഈ നീക്കം.

RELATED STORIES

Share it
Top