ഗെയില്‍പദ്ധതി, ഭരണ-പ്രതിപക്ഷ ജനവഞ്ചനയ്‌ക്കെതിരേ എസ്ഡിപിഐ കാംപയിന്‍

കോഴിക്കോട്: കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിലെയും കേന്ദ്രത്തിലെയും ഭരണ- പ്രതിപക്ഷ പാര്‍ട്ടികള്‍ തുടരുന്ന  ജനവഞ്ചനക്കെതിരേ എസ്ഡിപിഐ കാംപയിന്‍ ആരംഭിച്ചതായി ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് അത്തോളി അറിയിച്ചു. 30വരെ നീണ്ടു നില്‍ക്കുന്ന കാംപയിനോടനുബന്ധിച്ച് ഗെയില്‍ കടന്നുപോവുന്ന പഞ്ചായത്തുകളില്‍ ഡോക്യുമെന്ററി പ്രദര്‍ശനവും വാഹനപ്രചാരണവും നടത്തും.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എംഎല്‍എമാരുടെയും എംപിമാരുടെയും ഓഫിസുകളിലേക്ക് ജനകീയ മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കും. ഗെയില്‍ പൈപ്പ് ലൈന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും പ്രതിപക്ഷത്തിന്റെയും ജനവഞ്ചനയുടെയും കള്ളപ്രചാരണത്തിന്റെയും  ഉദാഹരണമാണെന്ന് അദ്ദേഹം ആരോപിച്ചു. സ്ഥലം നഷ്ടപ്പെടുന്നു എന്നതിലുപരി ജനവാസ കേന്ദ്രത്തിലൂടെ പൈപ്പ് ലൈന്‍ പോവുമ്പോഴുള്ള സുരക്ഷാ പ്രശ്‌നമാണ് എസ്ഡിപിഐ ഉയര്‍ത്തിക്കാട്ടുന്നത്. ജനിച്ച മണ്ണില്‍ സ്വസ്ഥമായി ജീവിക്കുന്നതിനുള്ള അവകാശത്തിനു വേണ്ടിയുള്ള ജനകീയ സമരങ്ങളെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയും ഹൈജാക്ക് ചെയ്തും ഗെയിലിന് സുഗമമായി മുന്നോട്ടുപോവാനുള്ള വഴിയൊരുക്കുകയാണ് യുഡിഎഫും എല്‍ഡിഎഫും.
യുഡിഎഫ് ഭരണകാലത്ത് ഗെയിലിനെതിരായ പ്രചാരണങ്ങളില്‍ പങ്കെടുത്ത പല എല്‍ഡിഎഫ് ജനപ്രതിനിധികളും പിന്നീട് ഗെയില്‍ പക്ഷവാദികളായി മാറി. മുക്കത്തും മലപ്പുറത്തും ഗെയില്‍ സമരത്തിന്റെ നേതൃത്വമേറ്റെടുത്ത യുഡിഎഫ് എംഎല്‍എമാരും എംപിമാരും നേതാക്കളും സമരത്തെ സ്വാംശീകരിച്ച് ഇല്ലാതാക്കുകയായിരുന്നു. വളരെയധികം അപകട സാധ്യതയുള്ള വാതക പൈപ്പ് സ്ഥാപിക്കുന്നതിന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന ഉറച്ച നിലപാടെടുക്കാന്‍ യുഡിഎഫ് തയ്യാറായിട്ടില്ല.
2007 ല്‍ വി എസ് മന്ത്രിസഭയിലെ വ്യവസായ മന്ത്രി എളമരം കരീമിന്റെ നേതൃത്വത്തിലാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയവുമായി ഗെയില്‍ പദ്ധതിയുടെ കരാര്‍ ഒപ്പിട്ടതെങ്കില്‍, 2013 ല്‍ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരിക്കുമ്പോഴാണ് കേരള സര്‍ക്കാര്‍ പദ്ധതി അംഗീകരിച്ച് കമ്മീഷന്‍ ചെയ്തത്. കൊച്ചിയില്‍ നിന്ന് കായംകുളം വരെ ചെയ്ത മാതൃകയില്‍ മംഗലാപുരത്തേക്കുള്ള പൈപ്പ് ലൈന്‍ കടലിലൂടെ സ്ഥാപിക്കണമെന്ന ആവശ്യം ചര്‍ച്ചയ്ക്ക് പോലും വിധേയമാക്കാന്‍ കേരളം ഭരിച്ച ഇരുമുന്നണികളും തയ്യാറായില്ല.
സുരക്ഷാ ഭീഷണികള്‍ മറച്ചുവച്ച് ഗെയിലിനോടുള്ള എതിര്‍പ്പ് കേവലം ഭൂമി നഷ്ടപ്പെടുന്നവരുടെ മാത്രം പ്രശ്‌നമാക്കി മാറ്റുന്ന തന്ത്രമാണ് ഭരണ- പ്രതിപക്ഷ പാര്‍ട്ടികള്‍ പയറ്റിയത്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ആധാര വിലയുടെ 30 ശതമാനം നല്‍കുമെന്ന് പ്രഖ്യാപിച്ചും സംസ്ഥാന സര്‍ക്കാരിന് നടപ്പാക്കാന്‍ അധികാരമില്ലാത്ത കാര്യങ്ങള്‍ പോലും വാഗ്ദാനം ചെയ്തും പ്രതിഷേധങ്ങളുടെ മുനയൊടിക്കാന്‍ പിണറായി വിജയന്‍ നേരിട്ട് നേതൃത്വം ന ല്‍കുകയായിരുന്നു. എതിര്‍ക്കുന്നവരെ വികസനവിരോധികളും തീവ്രവാദികളുമായി മുദ്രകുത്തി. ഗെയില്‍ മുതലാളിമാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്ന ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ മുഴുവന്‍ നിയമവ്യവസ്ഥകളും കാറ്റില്‍പ്പറത്തി ഗെയില്‍ വാതക പൈപ്പ് ലൈന്‍ ജനവാസ കേന്ദ്രങ്ങളിലൂടെ തന്നെ കൊണ്ടുപോവുന്നതിന് സൗകര്യമൊരുക്കുകയാണ്.
പണത്തിനും സ്വാധീനത്തിനും കീഴടങ്ങി ഒരേ സമയം വേട്ടക്കാരന്റെയും ഇരകളുടെയും പക്ഷം നില്‍ക്കുന്ന കപട രാഷ്ട്രീയക്കളി തുറന്നുകാണിക്കാനാണ് എസ്ഡിപിഐ കാംപയിന്‍ സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സലീം കാരാടി, തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ടി പി മുഹമ്മദ് എന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top