ഗൃഹനാഥന്‍ കൊല്ലപ്പെട്ട നിലയില്‍

അടിമാലി: ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇരുമ്പുപാലം പതിനാലാംമൈല്‍ പെരുണൂച്ചാല്‍ കൊച്ചുവീട്ടില്‍ കുഞ്ഞന്‍പിള്ള (60)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വായ്ക്കലാംകണ്ടത്ത് കുപ്പശ്ശേരിയില്‍ ബിജുവിന്റെ പുരയിടത്തിലാണ് മൃതദേഹം കിടന്നത്. ബിജുവാണ് മൃതദേഹം ആദ്യം കണ്ടത്. വലിയ പാറക്കെട്ടിന് അടിഭാഗമാണ് ഇവിടം.
ആദ്യം അപകടമരണമാണെന്നാണ് നാട്ടുകാരും പോലിസും കരുതിയതെങ്കിലും കഴുത്തിലും വയറിലും കാലുകളിലും ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയതോടെ പോലിസ് കൊലപാതകമാണെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞന്‍പിള്ളയുടെ ബന്ധുവിനെ ചോദ്യം ചെയ്യാന്‍ അടിമാലി പോലിസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോലിസ് കാവലില്‍ സ്ഥലത്തു തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഫോറന്‍സിക് പരിശോധനയ്ക്കു ശേഷം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. പുഴുവരിച്ചു തുടങ്ങിയ നിലയിലാണ്. അടിമാലി സിഐ പി കെ സാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇടുക്കി പോലിസ് ചീഫ് കെ ബി വേണുഗോപാല്‍, മൂന്നാര്‍ ഡിവൈഎസ്പി അഭിലാഷ് സംഭവസ്ഥലെത്തത്തി നടപടികള്‍ക്ക് നേതൃത്വം നല്‍കി. മരണകാരണം കുടുംബപ്രശ്‌നമാണോ എന്ന് പരിശോധിച്ചു വരുന്നതായി എസ്പി പറഞ്ഞു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ മാറിയാണ് കുഞ്ഞന്‍പിള്ളയുടെ മൃതദേഹം കണ്ടെത്തിയത്. വനഭൂമിയോട് ചേര്‍ന്ന് ആളൊഴിഞ്ഞ പ്രദേശമാണ് ഇവിടം.

RELATED STORIES

Share it
Top