ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ച സംഘത്തിലെ നാലു പേര്‍ അറസ്റ്റില്‍

കുന്നംകുളം: ഗൃഹനാഥനെ വീട്ടില്‍ക്കയറി ആക്രമിച്ച ഗുണ്ടാ സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍. കുന്നംകുളം അടുപ്പുട്ടി സീനിയര്‍ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന സുമേഷ് (23), കാക്കശ്ശേരി ഗിരീഷ്(32), അന്താഴത്ത് വിബിന്‍(27), മേക്കാട്ടുകുളം ഷിബിന്‍ (22), എന്നിവരെയാണ് കുന്നകുളം സിഐ സി ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം പത്തിന് ചെറുവത്തൂര്‍ ജോണ്‍സനെയാണ് അഞ്ചംഗ സംഘം വീട്ടില്‍ കയറി ഇരുമ്പ്  പൈപ്പും മറ്റു മാരക ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. പ്രതികളുടെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് പോലിസിന് നല്‍കിയതിലുള്ള വിരോധമാണ് ആക്രമണ കാരണം. സംഘത്തില്‍ പെട്ട നിഷാനെ കഴിഞ്ഞ ദിവസം പോലിസ് പിടികൂടിയിരുന്നു. അടുപ്പുട്ടി കേന്ദ്രീകരിച്ച് ഗുണ്ടാ-ക്രിമിനല്‍ സംഘങ്ങള്‍ ശക്തമായിട്ട് നാളുകളേറെയായി.
പോലിസ് ശക്തമായ നടപടികളെടുക്കാത്തതാണ് ഈ മേഖലയില്‍ ഗുണ്ടാസംഘങ്ങള്‍ കേന്ദ്രീകരിക്കാന്‍ കാരണമെന്ന് പരാതിയുണ്ട്. രാത്രി കാലങ്ങളില്‍ മദ്യപിച്ചെത്തി പ്രദേശത്ത് പ്രശനമുണ്ടാക്കുന്നതും പതിവാണ്. അക്രമി സംഘങ്ങള്‍ക്കെതിരേ പരാതിപ്പെട്ടാല്‍ അക്രമത്തിനിരയാകുമെന്നതിനാല്‍ ആരും ഇവര്‍ക്കെതിരേ പരാതി നല്‍കാറില്ല.

RELATED STORIES

Share it
Top