ഗൃഹനാഥനെ പൂട്ടിയിട്ട് വയോധികയുടെ താലിമാല കവര്‍ന്നുമട്ടന്നൂര്‍: വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ഗൃഹനാഥനെ പൂട്ടിയിട്ട് വയോധികയുടെ താലിമാല കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ പഴശ്ശിയിലെ പ്രജിന നിവാസില്‍ ഗംഗാധരന്‍ നമ്പ്യാരുടെ വീട്ടിലാണ് സംഭവം. ഗംഗാധരന്‍ നമ്പ്യാരുടെ ഭാര്യ പി ലക്ഷ്മിയുടെ മൂന്നുപവന്‍ സ്വര്‍ണമാലയാണു നഷ്ടപ്പെട്ടത്. മേല്‍ക്കൂരയുടെ ഓടുനീക്കി അകത്തുകടന്ന മോഷ്ടാവ്, മുറിയില്‍ ഉറങ്ങുകയായിരുന്ന ലക്ഷ്മിയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. ഈസമയം, ഓഫിസ് മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു ഗംഗാധരന്‍ നമ്പ്യാര്‍. ഇദ്ദേഹത്തിന്റെ മുറിയുടെ വാതില്‍ കയര്‍ കൊണ്ട് വലിച്ചുകെട്ടി പുറത്തിറങ്ങാന്‍ പറ്റാത്തവിധം ബന്ദിയാക്കിയിരുന്നു. ഭാര്യയുടെ ബഹളം കേട്ടുണര്‍ന്നപ്പോഴാണ് മുറി പുറത്തുനിന്ന് പൂട്ടിയിട്ടതായി ഗംഗാധരന്‍ അറിയുന്നത്. പിറകിലെ കക്കൂസ് മുറിയുടെ ഭാഗത്തെ മുകളിലത്തെ നിലയില്‍ കയറിയ മോഷ്ടാവ് മേല്‍ക്കൂരയുടെ ഓടുനീക്കിയാണ് വീടിനുള്ളില്‍ പ്രവേശിച്ചത്. മറ്റൊരു മുറിയില്‍ മക്കള്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നെങ്കിലും മറ്റൊന്നും മോഷണം പോയിട്ടില്ല. മട്ടന്നൂര്‍ സിഐ എ വി ജോണ്‍, എസ്‌ഐ എ വി ദിനേശ് എന്നിവരുടെ നേതൃത്വത്തില്‍ പോലിസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. അന്വേഷണം ഊര്‍ജിതമാക്കി.

RELATED STORIES

Share it
Top