ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും എന്‍ഡിഎ വിട്ടു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഭരണസഖ്യമായ എന്‍ഡിഎയില്‍ നിന്നു കൂടുതല്‍ ഘടകകക്ഷികള്‍ പുറത്തേക്ക്. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഗൂര്‍ഖ ജനമുക്തി മോര്‍ച്ച (ജിജെഎം)യാണ് ഇന്നലെ സഖ്യം വിട്ടത്. ആന്ധ്രപ്രദേശിനു പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടിഡിപി മുന്നണി വിട്ടതിനു പിന്നാലെയാണ് ജിജെഎമ്മിന്റെ തീരുമാനം. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേന അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയില്‍ ഉണ്ടാവില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ബിജെപി ഗൂര്‍ഖകളോട് വിശ്വാസവഞ്ചന കാട്ടിയതിനാലാണ് മുന്നണി വിട്ടതെന്നു പാര്‍ട്ടി ഓര്‍ഗനൈസിങ് അധ്യക്ഷന്‍ എല്‍ എം ലാമ വ്യക്തമാക്കി. ജിജെഎമ്മുമായി ബിജെപിക്ക് തിരഞ്ഞെടുപ്പു സഖ്യം മാത്രമാണ് ഉണ്ടായിരുന്നതെന്ന് ബിജെപി ബംഗാള്‍ ഘടകം അധ്യക്ഷന്‍ ദിലീപ് ഘോഷ് ഈയിടെ നടത്തിയ പ്രസ്താവനയില്‍ ജിജെഎം നേതൃത്വം അസംതൃപ്തരായിരുന്നു. ബിജെപിക്ക് ഗൂര്‍ഖകളോട് ആത്മാര്‍ഥത ഇല്ലെന്നാണ്  പ്രസ്താവന വ്യക്തമാക്കുന്നതെന്ന് ലാമ പറഞ്ഞു.
ഡാര്‍ജിലിങ് ലോക്‌സഭാ സീറ്റ് ജിജെഎം 2009ലും 2014ലും ബിജെപിക്ക് നല്‍കിയിരുന്നു. ബിജെപിക്ക് ബംഗാള്‍ രാഷ്ട്രീയത്തിലേക്കുള്ള കവാടമായിരുന്നു ഡാര്‍ജിലിങ്. കഴിഞ്ഞ കുറേ വര്‍ഷമായി ഡാര്‍ജിലിങിലെ ജനങ്ങള്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, ബിജെപി അവരെ ചതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശിവസേനയും ബിജെപിയുമടക്കം 47 കക്ഷികള്‍ ചേര്‍ന്നതാണ് എന്‍ഡിഎ. ഇതില്‍ ജിജെഎം അടക്കം 32 പ്രാദേശിക കക്ഷികള്‍ക്കും ലോക്‌സഭയിലോ രാജ്യസഭയിലോ ഒരു അംഗം പോലുമില്ല. എന്നാല്‍, 2014ലെ തിരഞ്ഞെടുപ്പില്‍ പല ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപിക്ക് ഈ പാര്‍ട്ടികളുടെ പിന്തുണ വന്‍ നേട്ടമായി.

RELATED STORIES

Share it
Top