ഗൂത്ത: ചികില്‍സയ്ക്ക് അസദിന്റെ കനിവുകാത്ത് കുട്ടികള്‍

ഗൂത്ത: സൈനിക ഉപരോധം നിലനില്‍ക്കുന്ന സിറിയയിലെ കിഴക്കന്‍ ഗൂത്തയില്‍ നിന്നു കാന്‍സറിനു ചികില്‍സയ്ക്കായി പ്രസിഡന്റിന്റെ കനിവുകാത്ത് ഏഴു കുട്ടികള്‍.  ഇവര്‍ക്ക് അടിയന്തരമായി ചികില്‍സ നല്‍കണമെന്നാവശ്യപ്പെട്ടു സന്നദ്ധപ്രവര്‍ത്തകര്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ സമീപിച്ചെങ്കിലും അടുത്തയാഴ്ച പരിഗണിക്കാമെന്നാണ് മറുപടി ലഭിച്ചത്. കിഴക്കന്‍ ഗൂത്തയില്‍ അസുഖം ബാധിച്ചും പരിക്കേറ്റും 130ഓളം കുട്ടികള്‍ക്ക് അടിയന്തര ചികില്‍സ ആവശ്യമായിട്ടുണ്ടെന്നും റിപോര്‍ട്ടുണ്ട്. അതേസമയം, ഏഴു കുട്ടികള്‍ക്ക് കാന്‍സറിനു ചികില്‍സ എത്രയും പെട്ടെന്നു നല്‍കേണ്ടതുണ്ടെന്നും ഇവരുടെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്നും സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു.നാലു വര്‍ഷമായി സിറിയയിലെ കിഴക്കന്‍ ഗൂത്ത സൈന്യം വളഞ്ഞിരിക്കുകയാണ്. പ്രവിശ്യയില്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കുള്ള എല്ലാ സഹായങ്ങളും നിര്‍ത്തിവച്ചിട്ടുണ്ട്. സാധാരണക്കാരുടെ ജീവിതം ദുരിതമായിരിക്കുകയാണെന്നു നേരത്തേ റെഡ് ക്രോസും അറിയിച്ചിരുന്നു. പോഷകാഹാരക്കുറവും ബോംബാക്രമണവും പട്ടിണിയും കാരണം  നിരവധി സാധാരണക്കാരാണ് ഇവിടെ മരിച്ചുവീഴുന്നത്. നിരന്തരം വ്യോമാക്രമണം കാരണം 40,000 പേരാണ് ഇവിടെ നിന്നു പുറത്തുപോവാനാവാതെ കുടുങ്ങിക്കിടക്കുന്നത്.

RELATED STORIES

Share it
Top