ഗൂത്തയില്‍ വ്യോമാക്രമണം; 23 മരണം

ബെയ്‌റൂത്ത്: സിറിയയില്‍ സര്‍ക്കാര്‍ ഉപരോധത്തിലുള്ള കിഴക്കന്‍ ഗൂത്തയില്‍ നടന്ന വ്യോമാക്രമണത്തില്‍ 23 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ സൈന്യമാണ് ഇവിടെ വ്യോമാക്രമണം നടത്തിയതെന്ന് സിറിയന്‍  മനുഷ്യാവകാശ നിരീക്ഷക സംഘം അറിയിച്ചു. മിശ്രവ നഗരത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടതായി എഎഫ്പി റിപോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ 11 സ്ത്രീകളും മൂന്നു കുട്ടികളും ഉള്‍പ്പെടും. വിമത നിയന്ത്രണത്തിലുള്ള ഗൂത്തയില്‍ സര്‍ക്കാര്‍ ഉപരോധം കാരണം ആവശ്യത്തിന് ഭക്ഷണമോ മരുന്നുകളോ എത്തിക്കാന്‍ കഴിയുന്നില്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു. അതേസമയം, വിമത നിയന്ത്രണത്തിലുള്ള ഇദ്‌ലിബിലും സിറിയന്‍ സൈന്യം ആക്രമണം ശക്തമാക്കി. ഇദ്‌ലിബില്‍നിന്നു കൂട്ട പലായനം തുടരുകയാണ്. ഒരാഴ്ചയ്ക്കിടെ 60,000ഓളം പേരാണ് ഇദ്‌ലിബില്‍ നിന്നു പലായനം ചെയ്തത്. കഴിഞ്ഞവര്‍ഷം സപ്തംബറില്‍ ഭരണ-പ്രതിപക്ഷ ധാരണയുടെ അടിസ്ഥാനത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച മേഖലയാണിത്.

RELATED STORIES

Share it
Top