ഗൂത്തയില്‍ രാസായുധ പ്രയോഗം; സഹായ വിതരണം നിര്‍ത്തിവച്ചു

ബെയ്‌റൂത്ത്: സിറിയന്‍ സൈന്യം വ്യാപകമായി രാസായുധപ്രയോഗം നടത്തുന്ന സാഹചര്യത്തില്‍ യുദ്ധക്കെടുതി അനുഭവിക്കുന്ന കിഴക്കന്‍ ഗൂത്തയിലേക്കുള്ള സഹായവിതരണം നിര്‍ത്തിവച്ചതായി ഇന്റര്‍നാഷനല്‍ റെഡ്‌ക്രോസും ഐക്യരാഷ്ട്ര സഭയും അറിയിച്ചു. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കടന്നുചെല്ലാന്‍ പറ്റിയ സാഹചര്യമല്ല വിമതപ്രദേശങ്ങളില്‍ നിലനില്‍ക്കുന്നതെന്നും അവര്‍ വ്യകതമാക്കി.
ബുധനാഴ്ച സഖ്ബ, ഹമ്മൂറിയ പ്രദേശങ്ങളില്‍ സിറിയന്‍ സൈന്യം ക്ലോറിന്‍ ബോംബുകള്‍ വര്‍ഷിച്ചതായി ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു.  ബുധനാഴ്ച നടന്ന ക്ലോറിന്‍ ആക്രമണത്തില്‍ 100ഓളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ശ്വാസതടസ്സം അനുഭവപ്പെട്ട സിവിലിയന്‍മാര്‍ക്ക് ഓക്‌സിജന്‍ നല്‍കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ പുറത്തുവിട്ടു. ബുധനാഴ്ച നടന്ന ആക്രമണത്തില്‍ 86 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. അവശ്യസാധനങ്ങളുമായി ട്രക്കുകള്‍ കിഴക്കന്‍ ഗൂത്തയ്ക്കു പുറത്തുള്ള വഫിദീന്‍ ചെക്‌പോയിന്റില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
അതേസയമം ആക്രമണം കൂടുതല്‍ ശക്തമാക്കുന്നതിനായി സിറിയന്‍ സൈന്യം കിഴക്കന്‍ ഗൂത്തയെ രണ്ടായി വിഭജിച്ചിരിക്കുകയാണ്.കിഴക്കന്‍ മേഖലയിലേ—ക്കും പടിഞ്ഞാറന്‍ മേഖലയിലേക്കും പ്രത്യേകം സൈന്യത്തെ നിയോഗിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. സിറിയന്‍ സന്നദ്ധ സംഘടനകളും വാര്‍ത്ത സ്ഥി—രീകരിച്ചിട്ടുണ്ട്. സിറിയന്‍ സൈന്യം കിഴക്കന്‍ ഗൂത്തയില്‍ നടത്തുന്ന ആക്രമണങ്ങള്‍ മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങളില്‍പ്പെടുമെന്ന് യുഎന്‍ മുന്നറിയിപ്പുനല്‍കി.

RELATED STORIES

Share it
Top