ഗൂത്തയിലെ കൂട്ടക്കുരുതി എന്തിന്?

പശ്ചിമേഷ്യന്‍ കത്ത്  -  ഡോ. സി കെ അബ്ദുല്ല
സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനോട് ചേര്‍ന്നുകിടക്കുന്ന കിഴക്കന്‍ ഗൂത്തയില്‍ നിന്നു പുറത്തുവരുന്ന ചിത്രങ്ങളും ക്ലിപ്പുകളും വാക്കുകളില്‍ വിവരിക്കുക അസാധ്യം. 1995ല്‍ സെര്‍ബുകള്‍ ബോസ്‌നിയയില്‍ നടപ്പാക്കിയ സെബ്രനീച്ച കൂട്ടക്കൊലപോലുള്ള കുരുതികളെയെല്ലാം പിന്തള്ളിയാണ് സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദ് റഷ്യന്‍ ബോംബറുകളുടെ പിന്തുണയോടെ സ്വന്തം ജനതയുടെ 'ഭീഷണി' തുടച്ചുനീക്കുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം കൊല്ലപ്പെട്ടവര്‍ 500ല്‍ അധികവും മാരകമായി പരിക്കുപറ്റിയവര്‍ ആയിരങ്ങളുമാണ്. ഏഴുവര്‍ഷം മുമ്പ് സിറിയയില്‍ വിപ്ലവം പൊട്ടിപ്പുറപ്പെടുമ്പോള്‍ 22 ലക്ഷത്തിലധികം ജനങ്ങള്‍ വസിച്ചിരുന്ന സമ്പല്‍സമൃദ്ധവും മനോഹരവുമായ ഗൂത്തയില്‍ കൂട്ടപ്പലായനങ്ങള്‍ക്കു ശേഷം ബാക്കിയായ നാലരലക്ഷത്തോളം ജനങ്ങളില്‍ ഭൂഗര്‍ഭ രക്ഷാസങ്കേതങ്ങളില്‍ കഴിയുന്നവര്‍ക്കുപോലും രക്ഷയില്ലാത്തവിധമാണ് യുദ്ധമര്യാദകള്‍ ലംഘിച്ചുള്ള ആക്രമണങ്ങള്‍ ലോകശക്തികളുടെ മൗനാനുവാദത്തോടെ നടമാടുന്നത്.
ഹിംസാത്മക സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ അറേബ്യന്‍ പ്രതീകമായ അല്‍ ബഅസ് പാര്‍ട്ടിയുടെ സിറിയന്‍ അവശിഷ്ടമാണ് ശിയാ പാരമ്പര്യം അവകാശപ്പെടുന്ന അലവൈറ്റ് ഗോത്രത്തിലെ അല്‍അസദ് കുടുംബവാഴ്ചയുടെ ബശ്ശാറുല്‍ അസദ് ഭരണകൂടം. പിതാവ് ഹാഫിസുല്‍ അസദ് എന്ന അതുല്യ സ്വേച്ഛാധിപതി അന്തരിച്ചപ്പോള്‍ ലണ്ടനില്‍ ദന്തരോഗ ചികില്‍സയ്ക്കു പഠിക്കുന്ന മകന്‍ ബശ്ശാറിനെ കൊണ്ടുവന്നു. അയാളുടെ പ്രായത്തിനു തുല്യമായി ഭരണഘടനയിലെ പ്രസിഡന്റിന്റെ പ്രായം മുറിച്ചൊപ്പിച്ചാണ് ഭരണമേറുന്നത്. പിതാവിനെ കവച്ചുവയ്ക്കുന്ന ഉരുക്കുമുഷ്ടിയില്‍ പൊറുതിമുട്ടിയ ജനത ഒരു തീപ്പൊരിക്ക് കാത്തുനില്‍ക്കെയാണ് അറബ് വസന്തങ്ങളുടെ കാറ്റു വീശിയത്. തുണീസ്യ, ഈജിപ്ത് പ്രദേശങ്ങളിലെ വിപ്ലവങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് 2011 ഏപ്രിലില്‍ സിറിയന്‍ ഏകാധിപതിക്കെതിരേ ജനങ്ങള്‍ തെരുവിലിറങ്ങുന്നത്. മനുഷ്യാവകാശങ്ങളും ആശയവിനിമയങ്ങള്‍ക്ക് അല്‍പം സ്വാതന്ത്ര്യവുമാണ് ജനങ്ങള്‍ ചോദിച്ചത്. അനുവദിക്കാന്‍ പ്രയാസമാണെങ്കില്‍ ഭരണം വിട്ടുപോവണമെന്നും ജനങ്ങള്‍ മുറവിളികൂട്ടി. ഏകാധിപത്യങ്ങള്‍ ഏറ്റവും ഭയക്കുന്നത് തെരുവിന്റെ ശബ്ദമായതിനാല്‍ ബശ്ശാര്‍ ജനങ്ങള്‍ക്ക് ചെവികൊടുക്കാതെ അവരെ നേരിടുകയായിരുന്നു.
ഭരണകേന്ദ്രത്തില്‍ നിന്ന് വിദൂരത്തല്ലാതെ കിടക്കുന്ന ഗൂത്ത പ്രദേശത്തിന്റെ കിഴക്കു ഭാഗങ്ങളില്‍ വിപ്ലവത്തിന്റെ തുടക്കം മുതല്‍ ഭരണവിരുദ്ധ തരംഗം ശക്തമായിരുന്നു. 110 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഗൂത്തയുടെ നിയന്ത്രണം നഷ്ടപ്പെട്ടതും അവിടം കേന്ദ്രീകരിച്ച് വിവിധ പോരാളിസംഘങ്ങളുടെ നേതൃത്വത്തില്‍ വിപ്ലവം ശക്തിപ്രാപിക്കുന്നതുമായിരുന്നു ബശ്ശാര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. 2011ല്‍ ഗൂത്തയിലെ ദൂമ പട്ടണത്തില്‍ നടന്ന ജനകീയ പ്രതിഷേധങ്ങള്‍ക്കെതിരേ ഭരണകൂടം ആയുധപ്രയോഗം നടത്തിയതിനെ തുടര്‍ന്നാണ് വിപ്ലവകാരികള്‍ ആയുധമേന്തുന്നത്. ജനകീയ ശക്തിയെ അടിച്ചമര്‍ത്താന്‍ ബശ്ശാറും അയാളെ പിന്തുണയ്ക്കുന്ന റഷ്യന്‍, ഇറാന്‍ യുദ്ധപ്രഭുക്കളും അവരുടെ കൂലിപ്പട്ടാളങ്ങളും അണിനിരന്നതോടെ വിപ്ലവകാരികളുടെ ഭാഗത്തും ഒരുപാടു സംഘങ്ങള്‍ അണിനിരന്നു. സിറിയയില്‍ രാഷ്ട്രീയമാറ്റത്തിനു വേണ്ടി രംഗത്തിറങ്ങിയവര്‍ മാത്രമല്ല രംഗത്തുണ്ടായിരുന്നത് എന്നത് യാഥാര്‍ഥ്യമാണ്. സിറിയയുടെ തകര്‍ച്ചയിലൂടെ സ്വന്തം താല്‍പര്യങ്ങള്‍ നടപ്പാക്കാന്‍ ആഗ്രഹിച്ച കഴുകന്മാരും പരുന്തുകളും യുദ്ധപ്രഭുക്കളുമെല്ലാം സ്വന്തം സംഘങ്ങളെ ഇറക്കാന്‍ പാകത്തില്‍ ആഭ്യന്തരരംഗം കുഴഞ്ഞുമറിഞ്ഞ് ആര്‍ക്കും കയറിക്കളിക്കാവുന്നതിന് അവസരം ഒരുക്കിയത് ഭരണകൂടം തന്നെയായിരുന്നു. വിപ്ലവകാരികളുമായി അനുരഞ്ജനചര്‍ച്ചകള്‍ നടത്തി പ്രവര്‍ത്തനസ്വാതന്ത്ര്യവും ശരിയായ ജനാധിപത്യപ്രക്രിയക്ക് ഇടവും അനുവദിച്ചിരുന്നുവെങ്കില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ തടയാന്‍ ഭരണകൂടത്തിന് സാധിക്കുമായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, സൈനികമായി ഇടപെടുന്നതിന് പുറമേ ദുരൂഹ സംഘങ്ങളുമായി ധാരണയുണ്ടാക്കി വിപ്ലവം തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ ഭരണകൂടം ഏര്‍പ്പെട്ടു. സിറിയയില്‍ വിപ്ലവം ബാധിച്ച പലയിടങ്ങളിലും വെല്ലുവിളി മറികടക്കാന്‍ ഭരണകൂടം ഇറാഖിലെ മുന്‍ ബഅസിസ്റ്റുകള്‍ നിയന്ത്രിച്ചിരുന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) പോലുള്ള സംഘങ്ങളുമായി ഉണ്ടാക്കിയ ഡീല്‍ ഗൂത്തയില്‍ വിലപ്പോയിരുന്നില്ല. സിറിയയിലെ വിപ്ലവബാധിത പ്രദേശങ്ങളില്‍ ഐഎസിന് കടന്നുകയറാന്‍ സാധിക്കാത്ത ഏക മേഖലയും ഇസ്‌ലാമിക പോരാട്ടസംഘങ്ങള്‍ താവളമുറപ്പിച്ച ഗൂത്തയാണ്. കുതന്ത്രങ്ങളിലൂടെ ഗൂത്തയിലെ വിപ്ലവശക്തികളെ തകര്‍ക്കാന്‍ കഴിയില്ലെന്നു തിരിച്ചറിഞ്ഞതോടെ ഉപരോധങ്ങള്‍ അടിച്ചേല്‍പിച്ചും മാരകമായ ആയുധപ്രയോഗങ്ങള്‍ നടത്തിയും ഗൂത്തയെ ഭരണകൂടം ഞെരുക്കാന്‍ തുടങ്ങി. 2012 മുതല്‍ ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തി. 2013 ആഗസ്തില്‍ ഒരൊറ്റ രാസായുധ ആക്രമണത്തില്‍ ഭരണകൂടം കൊന്നത് 1500ഓളം പേരെയാണ്.
കടുത്ത ഉപരോധം മറികടന്നും ഗൂത്തയിലെ പോരാളികള്‍ ഏകാധിപതിയെയും അയാളുടെ സഹായികളായ ലോക യുദ്ധപ്രഭുക്കളെയും പ്രതിരോധിച്ചു. ഇറാന്‍ സൈനിക സഹായങ്ങള്‍ക്കു പുറമേ, ലബ്‌നാന്‍, ഇറാഖ്, അഫ്ഗാന്‍, പാകിസ്താന്‍ പ്രദേശങ്ങളില്‍ നിന്നു കൊണ്ടുവന്ന കൂലിപ്പട്ടാളങ്ങളെയുമെല്ലാം പ്രതിരോധിച്ച് ഗൂത്തയുടെ നിയന്ത്രണം പിടിച്ചുനിര്‍ത്തിയ പോരാട്ടസംഘങ്ങളെ അവിടെ നിന്നു പുറത്താക്കാനാണ് ഇപ്പോള്‍ നടക്കുന്ന ബോംബാക്രമണങ്ങള്‍. 2016ല്‍ അത്യുഗ്രമായ ബോംബ് വര്‍ഷങ്ങളിലൂടെ ഹുംസ്, അലപ്പോ മേഖലകള്‍ വിമതരില്‍ നിന്ന് 'സ്വതന്ത്രമാക്കിയ' പരീക്ഷണത്തിനു ശേഷമാണ് റഷ്യന്‍ പട ഗൂത്തയില്‍ സമാന പരീക്ഷണം നടപ്പാക്കുന്നത്. ബശ്ശാറുല്‍ അസദിന് പകരക്കാരനായി തത്തുല്യമായ ഒരു പാവസ്വേച്ഛാധിപതിയെ കണ്ടെത്താന്‍ അമേരിക്കന്‍ ചേരിക്ക് സാധിച്ചില്ലെന്നതിനാലും ഇസ്‌ലാമിക പോരാട്ടസംഘങ്ങള്‍ക്ക് ജനകീയ പിന്തുണ ഉണ്ടെന്നതിനാലും 2015നു ശേഷം സിറിയയില്‍ റഷ്യന്‍ താല്‍പര്യത്തിന് അനുകൂലമായി അമേരിക്ക നിലപാടു മാറ്റി. പരസ്പരം പോരാടുന്നതിനേക്കാള്‍ നല്ലത് പങ്കിട്ടെടുക്കലാണെന്ന ഹിംസ്രജീവികളുടെ ധാരണയിലെത്തുകയായിരുന്നു ഇരു യുദ്ധപ്രഭുക്കളുമെന്നു പറയാം. അതോടെ സിറിയന്‍ വിപ്ലവത്തെ പിന്തുണച്ച അറബ്-മുസ്‌ലിം രാജ്യങ്ങളില്‍ മിക്കതും നിലപാടു മാറ്റി നിശ്ശബ്ദത പാലിച്ചു. അയല്‍രാജ്യവും നാറ്റോ അംഗവും വന്‍ സൈനികശക്തിയുമായ തുര്‍ക്കി സിറിയന്‍ കാര്യത്തില്‍ വെറും വര്‍ത്തമാനങ്ങള്‍ക്കപ്പുറം ശക്തമായ ഇടപെടലുകള്‍ ഒന്നും തല്‍ക്കാലം നടത്തുകയില്ല. തുര്‍ക്കി അതിര്‍ത്തിയോടു ചേര്‍ന്ന സിറിയന്‍ പ്രദേശങ്ങളില്‍ അമേരിക്ക നീക്കുന്ന കുര്‍ദ് കരുക്കള്‍ മറികടക്കാന്‍ തുര്‍ക്കിക്ക് റഷ്യയുടെ സഹായം നിര്‍ബന്ധമായ സാഹചര്യത്തില്‍ സിറിയയുടെ കാര്യത്തില്‍ റഷ്യയുമായി നീക്കുപോക്കുകള്‍ നടത്തുകയേ തല്‍ക്കാലം തുര്‍ക്കിക്ക് രക്ഷയുള്ളൂ. ജീവകാരുണ്യപ്രവര്‍ത്തനം പോലുള്ള റിസ്‌ക് കുറഞ്ഞ സഹായങ്ങള്‍ക്കപ്പുറം പ്രസിഡന്റ് നടത്തുന്ന ഗീര്‍വാണങ്ങള്‍ മാത്രമേ ഇപ്പോഴുള്ളൂ. അഭിനവ ഉസ്മാനിയ്യ പട തല്‍ക്കാലം ഗൂത്തയിലേക്ക് മാര്‍ച്ച് ചെയ്യില്ലെന്നര്‍ഥം. ദമസ്‌കസിനോട് ചേര്‍ന്ന ഗൂത്ത നിയന്ത്രിക്കുന്നത് ഇസ്‌ലാമിക  പോരാട്ടസംഘങ്ങളാണ് എന്നതാണ് തല്‍പരകക്ഷികളുടെയെല്ലാം പൊതുപ്രശ്‌നം. ഹൈഅതു തഹ്‌രീറുശ്ശാം, ജൈശുല്‍ ഇസ്‌ലാം, ഹറകത്തു അഹ്‌റാറുശ്ശാം, ഫൈലഖുര്‍റഹ്മാന്‍ പോലുള്ള പ്രമുഖ പോരാട്ടസംഘങ്ങള്‍ 2012 മുതല്‍ ബശ്ശാര്‍ ഭരണകൂടത്തിന്റെ ഉപരോധം മറികടന്നും പ്രദേശത്ത് ജനജീവിതം സാധ്യമാക്കി ജനപ്രിയ ഭരണം കാഴ്ചവച്ചിട്ടുണ്ട്. സിറിയയില്‍ മുഴുവന്‍ നടപ്പാക്കാവുന്ന രാഷ്ട്രീയ അജണ്ടകള്‍ അവര്‍ക്കുണ്ട്. അതു നടപ്പായാല്‍ റഷ്യന്‍-അമേരിക്കന്‍ കൊള്ളകള്‍ മാത്രമല്ല, തൊട്ടപ്പുറത്തുള്ള സയണിസ്റ്റ് അധിനിവേശത്തിനും മേഖലയിലെ പ്രകൃതിവിഭവം കൊള്ളയടിക്കലിനുമെല്ലാം ഭീഷണിയുയര്‍ത്തും. മേഖലയിലെ രാജകീയ, അരാജകത്വ ഭരണകൂടങ്ങള്‍ക്കും ഇവരുടെ വളര്‍ച്ച ഭീഷണിയാണെന്നതിനാല്‍ തല്‍ക്കാലം ഗൂത്ത ചുട്ടെരിക്കുന്നതില്‍ മുതലക്കണ്ണീരും ഒരു ചെലവുമില്ലാത്ത പ്രാര്‍ഥനാ ആഹ്വാനങ്ങളും മാത്രമേ ഉയരുകയുള്ളൂ.
ഗൂത്തയിലെ ജനതയുടെ നിശ്ചയദാര്‍ഢ്യമാണ് അപാരം. ഒരു ക്ലിപ്പിങില്‍ അര്‍ബീന്‍ പട്ടണത്തില്‍ കണ്ട രംഗം ഓര്‍ക്കുന്നു. റഷ്യന്‍ ബോംബിങില്‍ തകര്‍ന്നുവീണ ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നു ചിതറിയ മൃതദേഹങ്ങള്‍ വലിച്ചെടുത്ത് സന്നദ്ധപ്രവര്‍ത്തകര്‍ അടുത്തുള്ള മറ്റൊരു കെട്ടിടത്തിന്റെ വരാന്തയില്‍ കിടത്തിയിരിക്കുന്നു. ഒരു യുവാവിന്റെ ശരീരത്തിനടുത്ത് തറയിലിരുന്ന് ചോരയില്‍ മുങ്ങിയ മുഖത്ത് ആഞ്ഞാഞ്ഞു ചുംബിച്ച് തലയുയര്‍ത്തി വൃദ്ധനായ പിതാവ് വിളിച്ചുപറയുന്നു: ''മബ്‌റൂക് യാ ഉര്‍സീ (പുതുമണവാളാ, അഭിനന്ദനങ്ങള്‍). എന്റെ മകന്റെ മംഗല്യമാണിന്ന്. ഞങ്ങള്‍ കരയില്ല. ഞങ്ങളുടെ കണ്ണീര്‍ കാണാനാണു കൊലയാളി ബശ്ശാറും അവന്റെ ചെമ്പടയും ഇതു ചെയ്യുന്നതെങ്കില്‍ കേട്ടോളൂ, ഞങ്ങള്‍ ഒരിക്കലും കരയില്ല.'' ഈ നിശ്ചയദാര്‍ഢ്യം തന്നെയാണ് അവരെ ചുട്ടുകൊല്ലാന്‍ കൊലയാളി ബശ്ശാര്‍ കണ്ടെത്തിയ കാരണവും.
സാമ്രാജ്യത്വങ്ങള്‍ മൂടുതാങ്ങുന്ന ജനവിരുദ്ധ ഏകാധിപതിയില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ പ്രതിജ്ഞയെടുത്ത പോരാട്ടസംഘങ്ങള്‍ ഒരുവശത്തും ഏറ്റവും ക്രൂരനായ ഭരണാധികാരിയെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി അറബ്-മുസ്‌ലിം ലോകത്ത് നിലനിര്‍ത്താന്‍ തീരുമാനിച്ചവര്‍ മറുവശത്തും നിലയുറപ്പിച്ച പോരാട്ടമാണ് ഗൂത്തയില്‍ നടക്കുന്നത്. കീഴടങ്ങാന്‍ തയ്യാറില്ലാത്ത ജനതയിലെ കുട്ടികളെയും സ്ത്രീകളെയും കൊന്നൊടുക്കുക, അത് ഫോക്കസ് ചെയ്തു കത്തുന്ന സിറിയ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക, ഇതിനെല്ലാം കാരണക്കാര്‍ വിപ്ലവകാരികളാണെന്ന് നുണ പ്രചരിപ്പിച്ച്, ഏകാധിപതിക്കെതിരേ വിപ്ലവം നയിച്ചത് തെറ്റായിരുന്നുവെന്നും അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്നും ലോക പൊതുജനാഭിപ്രായം ഉണ്ടാക്കിയെടുക്കുക. ഈ കുതന്ത്രം കുറച്ചൊക്കെ വിലപ്പോയെന്നു വരാം. ഗൂത്തയില്‍ നിന്ന് പോരാട്ടസംഘങ്ങള്‍ക്ക് തല്‍ക്കാലം പുറത്തുപോവേണ്ടിവന്നേക്കാം. പക്ഷേ, ശാം പ്രദേശങ്ങളുടെ ചരിത്രവും ശാം വിമോചനസംബന്ധമായ പ്രമാണസൂചനകളും പരിശോധിക്കുമ്പോള്‍ ബശ്ശാറുമാരുടെ ഉരുക്കുമുഷ്ടിയില്‍ സിറിയ എരിഞ്ഞുതീരുമെന്നു കരുതാനാവില്ല. വിശാല ശാം പ്രദേശങ്ങളുടെ വിമോചനസമരം ഗൂത്തയില്‍ നിന്ന് തുടങ്ങുമെന്ന പ്രവചനം പുലരാതെ തരമില്ല. നിലവിലെ സംഘങ്ങള്‍ക്ക് അതു സാധ്യമായില്ലെങ്കില്‍ യോഗ്യരായ മറ്റൊരു സംഘം അതു നിര്‍വഹിക്കുമെന്നുറപ്പ്.                             ി

RELATED STORIES

Share it
Top