ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണം: യൂത്ത് ലീഗ്

പാലക്കാട്: നഗരസഭാ കൗണ്‍സിലര്‍ സിറാജുദ്ദീന്റെ മകനും എംഎസ്എഫ് നിയോജക മണ്ഡലം ഭാരവാഹിയുമായ സഫീറിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ താല്‍പര്യം പ്രകടിപ്പിക്കാത്ത പോലിസ് ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളുടെ പേരില്‍ പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്ന് യൂത്ത് ലീഗ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സംഭവം കഴിഞ്ഞ ഒരാഴ്ച പിന്നിട്ടിട്ടും ഗൂഢാലോചനയില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ പോലിസ് താല്‍പര്യപ്പെടുന്നില്ല. സഫീറിന്റെ പിതാവ് സിറാജില്‍ നിന്ന് മൊഴിയെടുക്കാന്‍ പോലും പോലിസ് തയ്യാറാവുന്നില്ല. അതേ സമയം, ഹര്‍ത്താല്‍ ദിവസം കല്ലടിക്കോട് നടന്ന അക്രമസംഭവങ്ങളുടെ പേരില്‍ നിയോജക മണ്ഡലം പ്രസിഡന്റ് റിയാസ് നാലകത്തിനെതിരേ കള്ളക്കേസ് എടുത്ത് വേട്ടയാടുകയാണ്.
പോലിസ് സ്‌റ്റേഷന്‍ അക്രമിച്ച് പ്രവര്‍ത്തകരെ ഇറക്കിക്കൊണ്ടുവന്നു എന്ന പ്രചരണം തെറ്റാണ്. പോലിസ് പക്ഷപാതിത്വം അവസാനിപ്പിക്കണം. സഫീര്‍വധക്കേസിലെ ഗുഡാലോചന നടത്തിയവരെയും പിടികൂടണമെന്നും യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന പോലിസ് അതിക്രമം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ശക്തായ പ്രക്ഷോഭത്തിനൊരുങ്ങുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് സി എ സാജിത്, ജില്ല ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍, ബി എസ് മുസ്തഫ തങ്ങള്‍, സൈദ് മീരാന്‍ ബാബു, ഹഖീം ചെര്‍പ്പുളശ്ശേരി പങ്കെടുത്തു.

RELATED STORIES

Share it
Top