ഗൂഢാലോചന അന്വേഷണം ക്രൈംബ്രാഞ്ചിന്ഹര്‍ത്താല്‍: പ്രത്യേക അന്വേഷണസംഘമില്ല

മലപ്പുറം: ജനകീയ ഹര്‍ത്താലും അനുബന്ധ സംഭവങ്ങളും അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കേണ്ടതില്ലെന്ന് ആഭ്യന്തര വകുപ്പ് തീരുമാനം. കഴിഞ്ഞ ഞായറാഴ്ച പെരിന്തല്‍മണ്ണയില്‍ നടന്ന ഉന്നത പോലിസ് ഉദ്യോഗസ്ഥന്മാരുടെ യോഗത്തില്‍ പ്രത്യേക സംഘം തന്നെ വേണമെന്ന ആവശ്യമാണ് ഉയര്‍ന്നിരുന്നത്.
എന്നാല്‍, വിദഗ്ധരായ ഉദ്യോഗസ്ഥര്‍ക്ക് ശ്രീജിത്തിന്റെ കസ്റ്റഡി മരണം, വിദേശ വനിതയുടെ മരണം തുടങ്ങിയ കേസുകളുള്ളതിനാലാണ് പ്രത്യേക സംഘം വേണ്ടെന്നു തീരുമാനിച്ചത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഉണ്ടായ ഗൂഢാലോചന ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക. ഹര്‍ത്താലുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലുണ്ടായ അക്രമ സംഭവങ്ങളും മറ്റും ജില്ലാ പോലിസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ അന്വേഷിക്കും.
ഇതിനായി ഓരോ പോലിസ് സ്‌റ്റേഷന്‍ അടിസ്ഥാനത്തിലും പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് പിടിയിലായ സംഘപരിവാരവുമായി ബന്ധമുള്ള അഞ്ചുപേരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ മഞ്ചേരി ഫസ്റ്റ് ക്ലാസ് കോടതിയില്‍ അപേക്ഷ നല്‍കും. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഗൂഢാലോചന കേസിന്റെ അന്വേഷണം ആരംഭിക്കും. ക്രൈംബ്രാഞ്ച് ഐജിക്കാണ് അന്വേഷണ മേല്‍നോട്ടമെങ്കിലും കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോഷി ചെറിയാനായിരിക്കും അന്വേഷണ തലവന്‍. 15 അംഗങ്ങളാണ് സംഘത്തിലുണ്ടാവുക. സംഘപരിവാരവുമായി ബന്ധപ്പെട്ട നൂറോളം പേര്‍ക്കെങ്കിലും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഗള്‍ഫ് രാജ്യങ്ങളിലുള്ള ചിലര്‍ക്കും ഇതില്‍ ബന്ധമുണ്ടെന്നാണ് സൂചന. ഇക്കാര്യങ്ങളെല്ലാം അന്വേഷണത്തില്‍ വരുമെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നുണ്ട്. ആര്‍എസ്എസ്, ശിവസേന, ബജ്‌രംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകളുമായി ബന്ധപ്പെട്ടവരാണ് ഗൂഢാലോചനയിലെ പ്രധാന കണ്ണികളെന്നാണ് സംശയം.
ഹര്‍ത്താല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിരവധി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഇപ്പോഴും പരിശോധിച്ചു വരുകയാണ്. ഇതിനായി മലപ്പുറം, തിരൂര്‍ എന്നിവിടങ്ങളില്‍ സൈബര്‍ സെല്ലിന്റെ പ്രത്യേക വിഭാഗങ്ങള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ എല്ലാ അക്രമ സംഭവങ്ങളിലും അമര്‍നാഥ് ബൈജു, അഖില്‍, സുധീഷ്, സിറില്‍, ഗോകുല്‍ ശേഖര്‍ എന്നിവരെ പ്രതി ചേര്‍ക്കാന്‍ പോലിസ് തീരുമാനിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top