ഗുര്‍ജ കൊടുമുടി കയറിയ 9 പേര്‍ ഹിമപാതത്തില്‍ മരിച്ചു

കാഠ്മണ്ഡു: ദക്ഷിണ കൊറിയന്‍ പര്യവേക്ഷണ സംഘത്തിലെ ഒമ്പത് പേര്‍ ഗുര്‍ജ കൊടുമുടിയില്‍ ഉണ്ടായ ഹിമപാതത്തില്‍ മരിച്ചതായി റിപോര്‍ട്ട്. എന്നാല്‍ സംഘത്തിലെ നാല് ഗൈഡുമാരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഘം തങ്ങിയ ക്യാംപ് ഹിമപാതത്തില്‍ പൂര്‍ണമായും തകര്‍ന്നു.
ഇവരുടെ മൃതശരീരങ്ങള്‍ ക്യാംപിനു സമീപമുണ്ടെന്ന വിവരം ലഭിച്ചതായും കനത്ത മഞ്ഞുവീഴ്ച കാരണം അവിടേക്ക് എത്തിപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും പോലിസ് വക്താവ് അറിയിച്ചു. ഹെലികോപ്റ്ററില്‍ രക്ഷാസംഘം ഇവിടേക്ക് എത്തിയെങ്കിലും കടപുഴകിയ മരങ്ങളും മഞ്ഞിന്‍പാളികളും കാരണം സംഘത്തിലെ അംഗങ്ങള്‍ക്ക് സംഭവസ്ഥലത്ത് ഇറങ്ങാന്‍ കഴിഞ്ഞില്ല.
ഇന്നു രാവിലെയോടെ ഇവിടെയെത്താന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി പോലിസ് അറിയിച്ചു. പര്യവേക്ഷണം സംഘടിപ്പിച്ച നേപ്പാളിലെ വാങ്ചു ഷേര്‍പ ട്രക്കിങ് ക്യാംപ് അധികൃതരാണ് അപകടത്തെക്കുറിച്ച് വിവരം നല്‍കിയത്. 7193 മീറ്റര്‍ ഉയരമുള്ള ഗുര്‍ജ കൊടുമുടിയുടെ താഴെ തങ്ങിയിരുന്ന സംഘം കാലാവസ്ഥ അനുകൂലമാകാന്‍ കാത്തിരിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും ഉയരം കൂടിയ 14 കൊടുമുടികള്‍ കീഴടക്കിയ കിം ചാങ് ഹോയും സംഘത്തിലുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
അന്നപൂര്‍ണ മേഖലയിലാണ് ഗുര്‍ജ കൊടുമുടി സ്ഥിതി ചെയ്യുന്നത്. .

RELATED STORIES

Share it
Top