ഗുര്‍ഗാവില്‍ മുസ്‌ലിംകളെ ജുമുഅ പ്രാര്‍ഥനയ്ക്ക് അനുവദിക്കണമെന്ന് പ്രദേശത്തെ ഹിന്ദുക്കള്‍

ഗുര്‍ഗാവ്: ഗുര്‍ഗാവിലെ ചില പൊതുസ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ക്ക് ജുമുഅ പ്രാര്‍ഥനയ്ക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് പ്രദേശത്തെ പ്രമുഖരായ ഹിന്ദു മതവിശ്വാസികള്‍. അടുത്തു വെള്ളിയാഴ്ച്ചയും ഹിന്ദുത്വര്‍ കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ മുസ്‌ലികള്‍ക്ക് പ്രാര്‍ഥനയ്ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കണമെന്ന് രണ്ട് ഡസനോളം വരുന്ന പ്രദേശവാസികളുടെ പ്രതിനിധികള്‍ ഗുര്‍ഗാവ് ഡിവിഷനില്‍ കമ്മീഷണര്‍ ഡി സുരേഷിന് നിവേദനം നല്‍കി.

[caption id="attachment_370003" align="alignnone" width="560"] പ്രദേശവാസികളുടെ പ്രതിനിധികള്‍ ഡിവിഷനില്‍ കമ്മീഷണര്‍ ഡി സുരേഷിനെ സന്ദര്‍ശിച്ച് മടങ്ങുന്നു[/caption]

കഴിഞ്ഞ രണ്ടാഴ്ച്ചകളില്‍ വിവിധ സംഘപരിവാര സംഘടനകളുടെ നേതൃത്വത്തില്‍ മുസ്‌ലിംകളുടെ ജുമുഅ പ്രാര്‍ഥന തടഞ്ഞിരുന്നു. ബിജെപി മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ മുസ്‌ലിംകള്‍ പൊതുസ്ഥലത്ത് നമസ്‌കരിക്കുന്നതില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടത് അക്രമികള്‍ക്ക് കൂടുതല്‍ പ്രചോദനമേകി. മറ്റൊരു ബിജെപി മന്ത്രിയായ അനില്‍ വിജ് ഒരു പടികൂടി കടന്ന് പൊതുസ്ഥലങ്ങള്‍ പിടിച്ചെടുക്കാനുള്ള മുസ്‌ലിംകളുടെ പദ്ധതിയാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു.

ശിവ സേന, ഹിന്ദു സേന, അഖില്‍ ഭാരതീയ ഹിന്ദു ക്രാന്തി ദള്‍, ബജ്‌റംഗ് ദള്‍ എന്നിവ ഉള്‍പ്പെട്ട ഹിന്ദു സംഘര്‍ഷ് സമിതി കഴിഞ്ഞയാഴ്ച്ച ജുമുഅയ്‌ക്കെത്തിയ മുസ്‌ലിംകളെ ശാരീരീകമായി ആക്രമിച്ചിരുന്നു. മുസ്‌ലിം ജനസംഖ്യ 50 ശതമാനത്തില്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ മാത്രമേ നമസ്‌കാരത്തിന് അനുമതി നല്‍കാവൂ എന്നും അല്ലെങ്കില്‍ വീണ്ടും തടയുമെന്നും സംഘടന ഭീഷണി മുഴക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് പ്രദേശത്ത് കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് 150ഓളം പേര്‍ ഒപ്പിട്ട ഹരജി ഡിവിഷനല്‍ കമ്മീഷണര്‍ക്ക് നല്‍കിയത്. വലതുപക്ഷ സംഘടനകളുടെ ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്ന് നിവേദക സംഘത്തിലുണ്ടായിരുന്ന വിനീത സിങ് പറഞ്ഞു. മതപരമായ ഒത്തുകൂടലിന് അധികൃതരുടെ അനുമതി വേണമെന്നുണ്ടെങ്കില്‍ അത് ഒരു സമുദായത്തിന് മാത്രമായി ചുരുക്കാതെ എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമാക്കണമെന്നും അവര്‍ പറഞ്ഞു.

ന്യൂ ഗുര്‍ഗാവില്‍ മസ്ജിദുകള്‍ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ പാര്‍പ്പിട, വാണിജ്യ മേഖലകള്‍ക്ക് സമീപത്തെ ചില പൊതുസ്ഥലങ്ങള്‍ വെള്ളിയാഴ്ച്ച രണ്ടു മണിക്കൂര്‍ നേരം മാത്രം ജുമുഅ പ്രാര്‍ഥനയ്ക്കായി വിട്ടുനല്‍കണമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

തങ്ങളുടെ ആശങ്ക അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് സിനിമാ സംവിധായകനും നോട്ട് ഇന്‍ മൈ നെയിം പ്രക്ഷോഭത്തിന്റെ സംഘാടകനുമായ രാഹുല്‍ റോയ് പറഞ്ഞു. സര്‍ക്കാര്‍ ഇരുവിഭാഗങ്ങളുമായും ബന്ധപ്പെട്ട് സമാധാനത്തിന് ശ്രമിക്കുന്നുണ്ട്. ഈ ആഴ്ച്ചയും ഹിന്ദുത്വര്‍ അക്രമത്തിന് മുതിരുകയാണെങ്കില്‍ കൂടുതല്‍ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമാധാനം ഉറപ്പുവരുത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന് ഡിസി ഉറപ്പ് നല്‍കി. വഖ്ഫ് ബോര്‍ഡ് സിഇഒ ഹനീഫ് ഖുറേഷിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. മറ്റു മുസ്‌ലിം നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.

അതേ സമയം, മറ്റുള്ളവര്‍ കൈയേറിയ 19 മസ്ജിദുകളുടെ പട്ടിക ഹരിയാന സംസ്ഥാന വഖ്ഫ് ബോര്‍ഡ്, അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. അവിടെയുള്ള കൈയേറ്റം ഒഴിപ്പിച്ച് നമസ്‌കാരത്തിന് സൗകര്യമൊരുക്കണമെന്ന് വഖ്ഫ് ബോര്‍ഡ് ആവശ്യപ്പെട്ടു. എന്നാല്‍, ഈ മസ്ജിദുകളെല്ലാം ഓള്‍ഡ് ഗുര്‍ഗാവിലാണെന്നും പ്രശ്‌നം നിലനില്‍ക്കുന്നത് മസ്ജിദുകള്‍ ഇല്ലാത്ത ന്യൂഗുര്‍ഗാവിലാണെന്നും അധികൃതര്‍ മറുപടി നല്‍കിയതായാണ് റിപോര്‍ട്ട്.

അതിനിടെ, ഹിന്ദുത്വര്‍ പുതിയ ഭീഷണിയുമായി രംഗത്തെത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ പ്രാര്‍ഥന നിര്‍വഹിക്കുന്നത് ഒരാഴ്ച്ചയ്ക്കകം ജില്ലാ ഭരണാധികാരികള്‍ നിരോധിക്കണമെന്നും അല്ലാത്ത പക്ഷം ഒഴിഞ്ഞ സ്ഥലങ്ങളിലും പാര്‍ക്കുകളിലും നസ്‌കരിക്കുന്നത് തങ്ങള്‍ നേരിട്ട് തടയുമെന്നുമാണ് ഭീഷണി.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top