ഗുരുവായൂര്‍-തിരുനാവായ റെയില്‍പ്പാത പരിഗണിക്കും: കേന്ദ്ര ആഭ്യന്തരമന്ത്രി

ഗുരുവായൂര്‍: ഗുരുവായൂരില്‍ റെയില്‍വേ വികസനത്തിന് ഏറെ ആവശ്യമായ ഗുരുവായൂര്‍-തിരുനാവായ റെയില്‍പ്പാതാ പദ്ധതി പരിഗണിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസിനെ അറിയിച്ചു. ഗുരുവായൂര്‍ ദേവസ്വം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു നല്‍കിയ നിവേദനത്തിനു മറുപടിയാ യാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ക്ഷേത്ര വികസനത്തിന് ഭക്തരില്‍ നിന്ന് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള എഫ്‌സിആര്‍എ ലൈസന്‍സ് അനുവദിക്കാമെന്ന ഉറപ്പും മന്ത്രി നല്‍കി. ഇക്കാര്യം തീരുമാനിക്കുന്നത് ആഭ്യന്തരമന്ത്രിയുടെ ഓഫിസാണെന്നും അത് ഉടനെ നടപ്പാക്കാമെന്നും മന്ത്രി അറിയിച്ചു. ചന്ദനം അരയ്ക്കുന്നതിനുള്ള ചാണക്കല്ല്് ലഭ്യമാക്കുന്നതിന് ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിലെ പരിസ്ഥിതിമന്ത്രാലയങ്ങളുടെ അനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാമെന്നും മന്ത്രി അറിയിച്ചു.
വെള്ളിയാഴ്ച ഗുരുവായൂരിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനു ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനം നല്‍കിയിരുന്നു.
മലപ്പുറം ജില്ലയില്‍ നിന്ന് തൃശൂരിലേക്ക് മാറ്റുന്ന ഗോശാലയ്ക്ക് 200 കോടിയുടെ ധനസഹായം നല്‍കണമെന്നും നിരോധിച്ച 75,00,000 ഓളം രൂപ കൈവശമുണ്ടെന്നും അത് റിസര്‍വ് ബാങ്ക് വഴി മാറാന്‍ സൗകര്യമൊരുക്കിയാല്‍ ഗുണപ്രദമാവുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top