ഗുരുവായൂര്‍-തിരുനാവായ റെയില്‍പാത പദ്ധതി പരിഗണിക്കാമെന്ന് രാജ്‌നാഥ് സിംഗ്

ഗുരുവായൂര്‍: ഗുരുവായൂരില്‍ റെയില്‍വെ വികസനത്തിന് ഏറെ ആവശ്യമായ ഗുരുവായൂര്‍-തിരുനാവായ റെയില്‍പാത പദ്ധതി പരിഗണിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസിനെ അറിയിച്ചു. ഗുരുവായൂര്‍ ദേവസ്വം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ നിവേദനം നോക്കിയശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ക്ഷേത്ര വികസനത്തിന് ഭക്തരില്‍ നിന്ന് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള എഫ്‌സിആര്‍എ ലൈസന്‍സ് അനുവദിക്കാമെന്ന ഉറപ്പും മന്ത്രി നല്‍കി. ഇക്കാര്യം തീരുമാനിക്കുന്നത് ആഭ്യന്തര മന്ത്രിയുടെ ഓഫീസാണെന്നും അത് ഉടനെ നടപ്പിലാക്കാമെന്നും മന്ത്രി അറിയിച്ചു. ചന്ദനം അരക്കുന്നതിനുള്ള ചാണക്കല്ല്് ലഭ്യമാക്കുന്നതിന് ആന്ധ്ര,ഒഡീഷ സംസ്ഥാനങ്ങളിലെ പരിസ്ഥിതി മന്ത്രാലയങ്ങളിലെ അനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാമെന്നും മന്ത്രി അറിയിച്ചു. കളഭത്തിനാവശ്യമായ കുങ്കുമപൂ ലഭ്യമാക്കുന്നതിനും കേന്ദ്രസഹായം മന്ത്രി ഉറപ്പുനല്‍കിയതായി ദേവസ്വം ചെയര്‍മാന്‍ കെബി.മോഹന്‍ദാസ് അറിയിച്ചു.ചെമ്പൈ സംഗീതോത്സവത്തെ ഇന്റര്‍നാഷണല്‍ മ്യൂസിക് ഫെസ്റ്റിവല്‍ ആക്കി മാറ്റണമെന്ന് ആവശ്യം. വെള്ളിയാഴ്ച്ച ഗുരുവായൂരിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനു നല്‍കിയ നിവേദനത്തിലാണ് ഗുരുവായൂര്‍ ദേവസ്വം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ നിന്ന് തൃശൂരിലേക്ക് മാറ്റുന്ന ഗോശാലക്ക് 200 കോടിയുടെ ധന സഹായാഭ്യര്‍ത്ഥനയും നിവേദനത്തിലുണ്ട്. നിരോധിച്ച എഴുപത്തഞ്ചു  ലക്ഷത്തോളം രൂപ കൈവശം ഉണ്ടെന്നും അത് റിസര്‍വ് ബാങ്ക് വഴി മാറാന്‍ സൗകര്യമൊരുക്കിയാല്‍ ഗുണപ്രദമാകുമെന്നും  നിവേദനത്തില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. ദേവസ്വം വക ആനക്കൊമ്പുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കണമെന്നും ആന സങ്കേതം നടത്തിപ്പിനായി ധനസഹായം ലഭ്യമാക്കണ മെന്നുമാണ് നിവേദനത്തിലെ മറ്റൊരാവശ്യം.
വെള്ളിയാഴ്ച്ച വൈകീട്ട് ഗുരുവായൂരിലെത്തിയ കേന്ദ്രമന്ത്രി ഇന്നലെ പുലര്‍ച്ചെ 2.50ന് ക്ഷേത്രത്തില്‍ നിര്‍മാല്യദര്‍ശനം നടത്തി. അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചിലവഴിച്ചു. രാവിലെ 8.30ഓടെ ഗുരുവായൂരില്‍ നിന്ന് നെടുമ്പാശ്ശേരി വഴി ഡല്‍ഹിക്ക് മടങ്ങി.250ഓളം പോലിസുകാരാണ് ആഭ്യന്തരമന്ത്രിക്ക് സുരക്ഷ ഒരുക്കിയത്.

RELATED STORIES

Share it
Top