ഗുരുവായൂര്‍ ക്ഷേത്രോല്‍സവം: കവാടത്തിന്റെ മുഖം മിനുക്കാതെ അധികാരികള്‍ നിസ്സംഗത പാലിക്കുന്നു

ഗുരുവായൂര്‍: ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ കിഴക്കേ ഗോപുരനടയിലെ ക്ഷേത്രകവാടത്തിന്റെ മുഖം മിനുക്കാതെ ദേവസ്വം അധികാരികള്‍ നിസ്സംഗത ഭാവിക്കുന്നു. ലക്ഷങ്ങള്‍ ചിലവഴിച്ച് ഒരു ഭക്തന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വഴിപാടായി നല്‍കിയ കിഴക്കേ ഗോപുരനടയിലെ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിലെ വെള്ളിയില്‍ പൊതിഞ്ഞ ഏഴ് കരിങ്കല്‍ തൂണുകളാണ് തുരുമ്പെടുത്ത് കറുത്തനിറമായി ഭക്തരെ ഇപ്പോള്‍ എതിരേല്‍ക്കുന്നത്.
ക്ഷേത്രപരിസരത്ത് തലങ്ങും, വിലങ്ങും “വിളക്കുതുട’ ഉള്‍പ്പടെ മുന്നൂറിലേറെ താത്ക്കാലിക ജീവനക്കാര്‍ ദേവസ്വത്തില്‍ നിലനില്‍ക്കുമ്പോള്‍, ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന ക്ഷേത്രകവാടം തികച്ചും ജീര്‍ണ്ണതയില്‍ നിലകൊള്ളുന്നു. തുടങ്ങിവെച്ച പല പദ്ധതികളും പാതിവഴിയില്‍ മുടങ്ങികിടക്കുമ്പോഴും, കോടികള്‍ ചിലവഴിച്ച് പുതിയ പദ്ധതികളുമായി മുന്നേറുകയായിരുന്നു, കഴിഞ്ഞ ദേവസ്വം ഭരണസമിതി. ഒന്നിനും ഒരു പൂര്‍ത്തീകരണവും നടത്താതെ യുഡിഎഫിന്റെ കഴിഞ്ഞ ഭരണസമിതി പടിയിറങ്ങി എല്‍ഡിഎഫിന്റെ പുതിയ ഭരണസമിതി നിലവില്‍ വന്നതോടെ ഭക്തര്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ ഭക്തജനങ്ങള്‍ക്ക് ആശങ്കയുളവാക്കുന്ന തരത്തിലാണ് പുതിയ ഭരണസമിതിയുടേയും പോക്കെന്ന ആക്ഷേപവും ഇപ്പോള്‍ ശക്തിപ്രാപിക്കുകയാണ്. ഉത്സവാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ താന്ത്രികചടങ്ങുകളില്‍ വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന കലശചടങ്ങുകള്‍ തുടങ്ങിയിട്ട് നാലുനാള്‍ പിന്നിട്ടു. കുംഭമാസത്തിലെ പൂയം നാളായ ചൊവ്വാഴ്ച്ചയാണ് ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ കൊടികയറ്റം. പോളിഷിങ്ങും, മിനുക്കുപണികളും ചെയ്ത് മനോഹാരമായിരിക്കേണ്ട കരിങ്കല്‍തൂണുകളാണ് ഇന്ന് പൊടിപിടിച്ച് നിറംമങ്ങി ക്ഷേത്രകവാടത്തില്‍ വെറും നോക്കുകുത്തിയായി നിലകൊള്ളുന്നത്. ഉത്സവാഘോഷത്തിന് മോടികൂട്ടാനുള്ള വൈദ്യുതാലങ്കാരവും, പ്രസാദകഞ്ഞി നല്‍കാന്‍ ക്ഷേത്രത്തിന് തെക്കുഭാഗത്ത് പടുത്തുയര്‍ത്തുന്ന ഊട്ടുപുര പന്തലും, കലാപരിപാടികള്‍ക്കായി തെക്കു-കിഴക്കുഭാഗത്തെ സ്റ്റേജുപണിയും തകൃതിയായി പുരോഗമിക്കുമ്പോള്‍, ദയനീയതയോടെ നിലകൊള്ളുകയാണ് കിഴക്കേ ഗോപുര നടയിലെ പ്രധാന കവാടത്തിലെ വെള്ളിയില്‍ പൊതിഞ്ഞ കരിങ്കല്‍ തൂണുകള്‍.

RELATED STORIES

Share it
Top