ഗുരുവായൂരിലെ ലോക്കോ പൈലറ്റുമാരുടെ ഡ്യൂട്ടി ക്രമീകരണം പ്രതിസന്ധിയായി മാറുന്നു

ഗുരുവായൂര്‍: ഗുരുവായൂരിലെ ലോക്കോ പൈലറ്റുമാരുടെ ഡ്യൂട്ടി ക്രമീകരണം പ്രതിസന്ധിയായി മാറുന്നു. യാത്രക്കാ ര്‍ ദുരിത്തിലാകുമ്പോഴും ബദല്‍ സംവിധാനമില്ലാതെ റെയില്‍വേ. രാവിലെ 9.30ന് പുറപ്പെടേണ്ട ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ വൈകിയോടുന്നത് തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ ദിവസം നിശ്ചിത സമയത്തിന് ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ട്രെയിന്‍ പുറപ്പെടാതായതോടെ യാത്രക്കാര്‍ ബഹളം വെച്ചു പ്രതിഷേധിച്ചു.
അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ ട്രെയിന്‍ ഓടിക്കേണ്ട ലോക്കോ പൈലറ്റ് വിശ്രമിക്കുകയാണെന്നായിരുന്നു മറുപടി. യാത്രക്കാര്‍ ഏറെ ബഹളം കൂട്ടിയെങ്കിലും ആറു മണിക്കൂര്‍ വിശ്രമം പൂര്‍ത്തിയാക്കി ലോക്കോ പൈലറ്റെത്തിയ ശേഷമാണ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാനായത്. പുലര്‍ച്ചെ 3.10ന് ഗുരുവായൂര്‍ സ്‌റ്റേഷനിലെത്തുന്ന എടമണ്‍ ഗുരുവായൂര്‍ പാസഞ്ചറിന്റെ ലോക്കോ പൈലറ്റാണ് രാവിലെ 9.05ന് പുറപ്പെടേണ്ട ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍ ഓടിക്കേണ്ടത്. ഏതെങ്കിലും കാരണവശാല്‍ എടമണ്‍  ഗുരുവായൂര്‍ പാസഞ്ചര്‍ വൈകിയാല്‍ അതിനനുസരിച്ച് ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചറും വൈകുമെന്നതാണ് സ്ഥിതി. ഷിഫ്റ്റ് പൂര്‍ത്തിയാക്കി 6 മണിക്കൂര്‍ വിശ്രമിച്ച ശേഷം മാത്രമേ അടുത്ത ഷിഫ്റ്റ് തുടങ്ങാവൂയെന്നതാണ് ലോക്കോ പൈലറ്റുമാര്‍ക്ക് റെയില്‍വേ കൊടുത്തിട്ടുള്ള നിര്‍ദ്ദേശം.
ചട്ടം മറികടന്നാല്‍ പിന്നീടുണ്ടാകുന്ന അത്യാഹിതങ്ങള്‍ക്ക് ലോക്കോ പൈലറ്റ് സമാധാനം പറയേണ്ടി വരുമെന്നതിനാല്‍ ആറു മണിക്കൂര്‍ വിശ്രമം എടുത്ത ശേഷം മാത്രമേ പുതിയ ഡ്യൂട്ടി ഏറ്റെടുക്കാന്‍ ലോക്കോ പൈലറ്റുമാര്‍ തയ്യാറാകുകയുള്ളൂ. എടമണ്‍  ഗുരുവായൂര്‍ പാസഞ്ചര്‍ വൈകിയെത്തുന്ന ദിവസങ്ങളിലെല്ലാം ലോക്കോ പൈലറ്റിന്റെ വിശ്രമസമയം പൂര്‍ത്തിയാകുന്നതും കാത്ത് യാത്രക്കാര്‍ ട്രെയിനില്‍ ഇരിക്കേണ്ട ദുരവസ്ഥയാണ് പ്രതിസന്ധിയാകുന്നത്. ഗുരുവായൂരില്‍ നിന്ന് തൃശൂരുള്ള ഓഫീസിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സ്ഥിരം യാത്ര ചെയ്യുന്നവരും , തൃശൂരിലെത്തി കണക്ഷന്‍ ട്രെയിന്‍ കയറുന്നവരെയുമെല്ലാം വട്ടം കറക്കുന്ന നടപടിയാണിതെന്നാണ് യാത്രക്കാരുടെ ആക്ഷേപം. പരീക്ഷയ്ക്കും ഇ ന്റര്‍വ്യൂവിനുമെല്ലാം പോകാനായി ഈ ട്രെയിനിനെ ആശ്രയിക്കുന്നവര്‍ക്ക് പലപ്പോഴും വലിയ നിരാശയായിരിക്കും ഫലം.ലോക്കോ പൈലറ്റിന്റെ വിശ്രമത്തിന്റെ പേരില്‍ യാത്രക്കാരെ ദ്രോഹിക്കുന്ന നടപടികള്‍ ഒഴിവാക്കണമെന്നും ബദല്‍ സംവിധാനം ഒരുക്കണമെന്നുമാണ് ട്രെയിന്‍ യാത്രക്കാരുടെ ആവശ്യം.

RELATED STORIES

Share it
Top