ഗുണ്ടാസംഘാംഗമായ യുവാവ് കഞ്ചാവുമായി പിടിയില്‍

ഏറ്റുമാനൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ 1.70 കിലോ കഞ്ചാവുമായി പോലിസ്  പിടികൂടി. മള്ളൂശേരി പത്തിയില്‍ പറമ്പില്‍ തോമസ്  എബ്രഹാമി(പ്രിന്‍സ്  24) നെയാണ് ഏറ്റുമാനൂര്‍ പോലിസ്  അറസ്റ്റ് ചെയ്തത്. കമ്പത്തു നിന്നും വാങ്ങുന്ന കഞ്ചാവ് ചെറു പൊതികളാക്കി വിദ്യാര്‍ഥികള്‍ക്കു വില്‍ക്കുകയാണ് പ്രതി  ചെയ്തിരുന്നതെന്ന് പോലിസ്  പറഞ്ഞു.
ഏറ്റുമാനൂര്‍  അതിരമ്പുഴ മേഖലകളില്‍  വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് ഉപയോഗം വ്യാപകമാണെന്ന്  പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നു ജില്ലാ പോലിസ് മേധാവി വി എം മുഹമ്മദ് റഫീഖിന്റെ  നിര്‍ദേശാനുസരണം ഡിവൈഎസ്പി സഖറിയ  മാത്യു  പ്രത്യേക  അന്വേഷണ  സംഘത്തെ  രൂപീകരിച്ച്  പരിശോധന  ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കഞ്ചാവുമായി  യുവാവ് എത്തുന്നതായി രഹസ്യ  വിവരം ലഭിച്ചത്. തുടര്‍ന്ന് ഉച്ചയോടെ  ഏറ്റുമാനൂര്‍  എസ്‌ഐ കെ ആര്‍ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അതിരമ്പുഴ ഭാഗത്ത് രഹസ്യ നിരീക്ഷണം  നടത്തി. ഇതിനിടെ ഇതുവഴി എത്തിയ പ്രിന്‍സിന്റെ  പെരുമാറ്റത്തില്‍  സംശയം തോന്നി പരിശോധന  നടത്തുകയായിരുന്നു. എഎസ്‌ഐമാരായ സാജുലാല്‍, തോമസ് കുട്ടി,  ഷിബുക്കുട്ടന്‍, ഹരിദാസ് ,  സീനിയര്‍  സിവില്‍ പോലിസ് ഓഫിസര്‍മാരായ   മനോജ് , പ്രദീപ്,  സജേഷ് , സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ  പിടികൂടിയത്. പോലിസുകാരെയും എക്‌സൈസുകാരെയും  ആക്രമിച്ചതും കഞ്ചാവ് കടത്തിയതും  അടക്കം എട്ട് കേസുകളില്‍  പ്രതിയാണ്  പ്രിന്‍സ്. പെരുവന്താനം  പോലിസ് സ്റ്റേഷനില്‍  ഓട്ടോ ഡ്രൈവറെ  ആക്രമിച്ച്  കൊലപ്പെടുത്താന്‍  ശ്രമിച്ച കേസിലെ  പ്രതിയാണ്  പ്രിന്‍സ്. വണ്ടിപ്പെരിയാര്‍ പോലിസ് സ്റ്റേഷന്‍  പരിധിയില്‍ എക്‌സൈസ് സംഘത്തെ  ആക്രമിച്ച് കണ്ണില്‍ കുരുമുളക് സ്‌പ്രേ  പ്രയോഗിച്ചതിന്  പ്രിന്‍സിനെതിരെ കേസുണ്ട്.
കമ്പം മേട്ടില്‍  കഞ്ചാവ് കേസും, ഗാന്ധിനഗറില്‍ പോലിസുകാരനെ ആക്രമിച്ചതിനും  ഇയാള്‍ക്കെതിരെ  കേസുണ്ട്. പ്രതിയെ  ഇന്ന്  കോടതിയില്‍ ഹാജരാക്കും.  ഒരാഴ്ചയ്ക്കിടയില്‍ ഏറ്റുമാനൂര്‍ പോലിസിന്റെ  പിടിയിലാകുന്ന  നാലാമത്തെ കഞ്ചാവ് കച്ചവടക്കാരനാണ്  പ്രിന്‍സ്. ഏറ്റുമാനൂരിലെയും  അതിരമ്പുഴയിലെയും കഞ്ചാവ് മാഫിയയെ ഇല്ലാതാക്കാനാണ് പോലിസ് ലക്ഷ്യമിടുന്നതെന്ന് ഏറ്റുമാനൂര്‍  എസ്എച്ച്ഒ സി ഐ എ ജെ തോമസ്  അറിയിച്ചു.

RELATED STORIES

Share it
Top