ഗുണ്ടാത്തലവനെ ജയിലിനുള്ളില്‍ വെടിവച്ചുകൊന്നു

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ കുപ്രസിദ്ധ ഗുണ്ടാനേതാവും വാടകക്കൊലയാളിയുമായ പ്രേം പ്രകാശ് സിങ് എന്ന മുന്ന ബജ്‌രംഗി ജയിലില്‍ വെടിയേറ്റു മരിച്ചു. ബാഗ്പത് ജില്ലാ ജയിലിലാണ് സംഭവം. മുന്നയെ വധിക്കാന്‍ യുപി പോലിസിന്റെ പ്രത്യേക ദൗത്യസേന ഗൂഢാലോചന നടത്തുന്നതായി ഭാര്യ സീമാ സിങ് കഴിഞ്ഞദിവസം ആരോപിച്ചതിനു പിന്നാലെയാണ് ദുരൂഹമരണം. ഒരു കേസുമായി ബന്ധപ്പെട്ട് മുന്നയെ ഇന്നലെ കോടതിയില്‍ ഹാജരാക്കാനിരിക്കുകയായിരുന്നു.
ജയിലിലെ മറ്റൊരു തടവുകാരന്‍ മുന്നയെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് ജയില്‍ അധികൃതരുടെ ഭാഷ്യം. അതേസമയം, ജയിലിലുള്ള തടവുകാരന് എങ്ങനെ തോക്ക് കിട്ടി എന്ന ചോദ്യത്തിന് ജയില്‍ അധികൃതര്‍ക്കു വിശദീകരണമില്ല. 2005ല്‍ ഗാസിപൂരില്‍ ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയെയും ഏഴ് സഹായികളെയും വെടിവച്ചുകൊന്ന കേസിലെ മുഖ്യപ്രതിയാണ് മുന്ന ബജ്‌രംഗി.

RELATED STORIES

Share it
Top