ഗുണ്ടര്‍ട്ട് സ്മാരക സിബിഎസ്ഇ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ നീക്കം

തലശ്ശേരി: കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതന്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ സ്മരണാര്‍ഥം തലശ്ശേരിയില്‍ സ്ഥാപിച്ച ഗുണ്ടര്‍ട്ട് സ്മാരക സിബിഎസ്ഇ ഹൈസ്‌കൂള്‍ അടച്ചു പൂട്ടാന്‍ അണിയറനീക്കം സജീവമായി. സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന പ്രശ്‌നമെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം.
നേരത്തെ സെയ്താര്‍പള്ളിയിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച സ്‌കൂള്‍ പിന്നീട് തലശ്ശേരി സ്‌റ്റേഡിയത്തിനടുത്ത പാലിശ്ശേരിയിലും തുടര്‍ന്ന് മഞ്ഞോടിക്കടുത്ത പുല്ലമ്പലിലേക്കും മാറ്റുകയായിരുന്നു. നിലവില്‍ പുല്ലമ്പലിലെ രണ്ടേ മുക്കാല്‍ ഏക്കര്‍ സ്ഥലത്താണ് ഒന്നുമുതല്‍ 10ാം ക്ലാസ് വരെ സിബിഎസ്ഇ സിലബസില്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചുവരുന്നത്. കഴിഞ്ഞ ദിവസം അന്തരിച്ച എം പി ബാലകൃഷ്ണന്‍, മൂര്‍ക്കോത്ത് രാമുണ്ണി, കെ കെ മാരാര്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ മുന്‍കൈയെടുത്താണ് ഗുണ്ടര്‍ട്ടിന്റെ സ്മരണ നിലനിര്‍ത്താന്‍ സിബിഎസ്ഇ ഹൈസ്‌കൂള്‍ സ്ഥാപിച്ചത്.
നാഗാലാന്റ് മുന്‍ ഗവര്‍ണര്‍ കൂടിയായ അന്തരിച്ച മൂര്‍ക്കോത്ത് രാമുണ്ണി 90ാം വയസ്സില്‍ ജര്‍മനിയില്‍ പോയി സ്‌കൂള്‍ കെട്ടിടത്തിന് ഭൂമി വാങ്ങുന്നതിന് ഗുണ്ടര്‍ട്ട് ഫൗണ്ടേഷനില്‍നിന്ന് പണം സമാഹരിച്ചു. 1990കള്‍ക്ക് ശേഷമാണ് സിബിഎസ്ഇ ഗുണ്ടര്‍ട്ട് ഹൈസ്‌കൂള്‍ സെയ്താര്‍ പള്ളിയില്‍ ആരംഭിച്ചത്. തീരദേശം ഉള്‍പ്പെടെയുള്ള പിന്നോക്ക മേഖലയിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
തുടക്കത്തില്‍ വലിയ തോതില്‍ കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നില്ല. നിലവില്‍ 200 പേര്‍ ഇവിടെ പഠിക്കുന്നു. ജെആര്‍ഡി ടാറ്റയുടെ ട്രസ്റ്റില്‍നിന്നു വരെ സ്‌കൂളിന് സാമ്പത്തിക സഹായം ലഭ്യമാക്കിയിരുന്നു. എന്നാല്‍, മൂര്‍ക്കോത്ത് രാമുണ്ണിയുടെ മരണത്തോടെ സ്‌കൂളിന്റെ സാമ്പത്തിക ഭദ്രത ഉലഞ്ഞുതുടങ്ങി.
22 ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ശമ്പളം പോലും കൃത്യമായി നല്‍കാനാവാതെ പ്രതിസന്ധിയിലേക്ക് നീങ്ങി. അടച്ചുപൂട്ടല്‍ ഭീഷണിയിലുള്ള കുണ്ടൂര്‍മലയിലെ ടി വി സുകുമാരന്‍ മെമ്മോറിയല്‍ സിബിഎസ്ഇ സ്‌കൂളിലെ കുട്ടികളെ ഗുണ്ടര്‍ട്ട് സ്‌കൂളിലേക്ക് മാറ്റിച്ചേര്‍ക്കാന്‍ ശ്രമമുണ്ടായിരുന്നെങ്കിലും നടന്നില്ല. 30 ഡയരക്ടര്‍മാരുള്ള ഗുണ്ടര്‍ട്ട് സ്‌കൂളിന്റെ ഭൂമിയില്‍ പലരും നോട്ടമിട്ട് തുടങ്ങിയിട്ടുണ്ട്.

RELATED STORIES

Share it
Top