ഗുണനിലവാരം

ഉയര്‍ന്ന നിലവാരമുള്ള ഉല്‍പന്നങ്ങള്‍ക്ക് പേരുകേട്ട രാജ്യങ്ങളാണ് ജര്‍മനിയും ജപ്പാനും. ഒരുകാലത്ത് വിലകുറഞ്ഞ ചരക്കുകള്‍ക്ക് കുപ്രസിദ്ധമായിരുന്നു ജപ്പാന്‍. പിന്നീടവര്‍ മികച്ച ട്രാന്‍സിസ്റ്ററും ടിവിയും കാമറയും നിര്‍മിക്കുന്നതില്‍ ലോകത്തില്‍ തന്നെ ഒന്നാംസ്ഥാനത്തായി. ജര്‍മനിയാണെങ്കില്‍ കാറുകള്‍ക്കും യന്ത്രോപകരണങ്ങള്‍ക്കും ലോകപ്രശസ്തമാണ്. എന്നാല്‍, രണ്ടു രാജ്യങ്ങളിലെയും വ്യവസായ ഭീമന്‍മാര്‍ പലപ്പോഴും ഉല്‍പന്നങ്ങളുടെ നിലവാരവും കാര്യക്ഷമതയും പരിശോധിക്കുന്നതില്‍ കൃത്രിമം കാണിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. ജര്‍മന്‍ കാര്‍നിര്‍മാണശാലയായ ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ കാറുകള്‍ പുറത്തേക്കു വിടുന്ന പുക പരിശോധിക്കുന്ന ഉപകരണത്തിലാണ് തട്ടിപ്പു നടത്തി പിടിയിലായത്. അതുകൊണ്ട് 1,800 കോടി ഡോളറാണ് കമ്പനിക്ക് നഷ്ടമായത്. പേരുദോഷം വേറെയും. ജപ്പാനിലെ ടോറെ ടയറുകളില്‍ ഉപയോഗിക്കുന്ന നൈലോണ്‍ നാരിന്റെ ബലം പരിശോധിക്കുന്ന യന്ത്രത്തിലാണ് ഇടപെട്ടത്. അതുപോലെ വിമാനനിര്‍മാണത്തിനു വേണ്ട ബലം കൂടിയ അലൂമിനിയം തകിടുകളുടെ ബലത്തിന്റെ കാര്യത്തില്‍ മിത്്‌സുബിഷിയാണ് നുണ പറഞ്ഞത്. കാര്‍ നിര്‍മാതാക്കളായ നിസാനും സുബാരുവും പരീക്ഷണഫലങ്ങള്‍ വ്യാജമായി നിര്‍മിക്കുകയായിരുന്നു. 40 വര്‍ഷമായി ആ തട്ടിപ്പു തുടരുന്നുണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമായത്. ഇത്തരം തട്ടിപ്പുകളുടെ വിവരങ്ങള്‍ ജീവനക്കാര്‍ തന്നെ രഹസ്യമായി അധികൃതരെ അറിയിക്കുകയായിരുന്നു.

RELATED STORIES

Share it
Top