ഗുഡ്‌സ് ഓട്ടോ തൊഴിലാളികളും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം

കല്‍പ്പറ്റ: പണിമുടക്കിനിടെ ഗുഡ്‌സ് ഓട്ടോറിക്ഷാ തൊഴിലാളികളും നഗരത്തിലെ വ്യാപാരികളും തമ്മില്‍ സംഘര്‍ഷം. വ്യാപാര സ്ഥാപനങ്ങള്‍ സ്വന്തം വാഹനം വാങ്ങി ചരക്കുകള്‍ കൊണ്ടുപോവുന്നതില്‍ പ്രതിഷേധിച്ചാണ് ഗുഡ്‌സ് തൊഴിലാളികള്‍ പണിമുടക്കിയത്.
ഇതിനിടെ, നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്നു വെള്ളാരംകുന്ന് ഭാഗത്തേക്ക് ചരക്കുമായി പുറപ്പെട്ട വാഹനം ഗുഡ്‌സ് ഡ്രൈവര്‍മാര്‍ പുതിയ ബസ് സ്റ്റാന്റിനടുത്ത് തടഞ്ഞു. ഇതോടെയാണ്് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനെ എതിര്‍ത്ത് വ്യാപാരികളും സംഘടിച്ചെത്തിയതോടെ വാക്കേറ്റമായി. ഇതു സംഘര്‍ഷത്തിലേക്ക് നീങ്ങി. പോലിസ് ഇടപെട്ടാണ് ഇരുകൂട്ടരെയും പിരിച്ചുവിട്ടത്.
പിന്നാലെ  ഗൂഡലായി ഭാഗത്തെ ഹാര്‍ഡ്‌വെയര്‍ കടയില്‍നിന്നു ചരക്കുമായി പുറപ്പെടാനൊരുങ്ങിയ വാഹനം ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ തടഞ്ഞതോടെ പ്രശ്‌നം രൂക്ഷമായി. സംഘര്‍ഷത്തില്‍ കടയിലെ ജീവനക്കാരന് പരിക്കേറ്റു. ഇതോടെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ മിന്നല്‍ ഹര്‍ത്താല്‍ നടത്തി. വൈകീട്ട് വരെ കടകളടച്ച് വ്യാപാരികള്‍ പ്രതിഷേധിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമായി. അതേസമയം, വ്യാപാരികളുടെ സമരത്തിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നു.

RELATED STORIES

Share it
Top