ഗുജറാത്ത്: രൂപാണി മുഖ്യമന്ത്രിസ്ഥാനത്തു തുടരും

ഗാന്ധിനഗര്‍: വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരും. ബിജെപി നിയമസഭാകക്ഷി നേതാവായി അദ്ദേഹം ഏകകണ്ഠമായാണു തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന മുഖ്യമന്ത്രിസ്ഥാനത്ത് രൂപാണിക്ക് ഇതു രണ്ടാമൂഴമാണ്. നിയമസഭാകക്ഷി യോഗത്തിനുശേഷം കേന്ദ്ര നിരീക്ഷകനായ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് രൂപാണിയെ നേതാവായി തിരഞ്ഞെടുത്ത കാര്യം അറിയിച്ചത്. നിയമസഭാകക്ഷി ഉപനേതാവായി തിരഞ്ഞെടുക്കപ്പെട്ട നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയായും തുടരും.തിരഞ്ഞെടുപ്പില്‍ ബിജെപി മങ്ങിയ പ്രകടനം കാഴ്ചവച്ച സാഹചര്യത്തില്‍ രൂപാണി വീണ്ടും മുഖ്യമന്ത്രിയാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായാണ് രൂപാണി അറിയപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിര്‍ത്തിയെങ്കിലും 99 സീറ്റ് മാത്രമാണ് പാര്‍ട്ടിക്കു ലഭിച്ചത്. അതിനിടെ, സ്വതന്ത്ര എംഎല്‍എ രത്തന്‍സിങ് റാത്തോഡ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് മധ്യഗുജറാത്തില്‍ നിന്ന് സ്വതന്ത്രനായി മല്‍സരിച്ചാണ് റാത്തോഡ് വിജയിച്ചത്.

RELATED STORIES

Share it
Top