ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വിവിപാറ്റ് : തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാറിനും സുപ്രിംകോടതി നോട്ടീസ്‌ന്യൂഡല്‍ഹി: ആസന്നമായ ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ വിവിപാറ്റ് സൗകര്യം ഉപയോഗിക്കുന്നതു സംബന്ധിച്ച് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന്റെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നിലപാട് ആരാഞ്ഞു. ഇതുസംബന്ധിച്ച് ചീഫ്ജസ്റ്റിസ് ജെ എസ് ഖെഹാര്‍, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചുഡ്, എസ് കെ കൗള്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് കേന്ദ്രത്തിനും ഗുജറാത്ത് സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസയച്ചു. വിഷയത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷാവസാനം സംസ്ഥാനത്തു നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറോ വിവിപാറ്റ് സൗകര്യമുള്ള വോട്ടിങ് യന്ത്രമോ ഉപയോഗിക്കണമെന്നാവശ്യപ്പെട്ടു ഗുജറാത്ത് സ്വദേശിയും പട്ടേല്‍ സംവരണ സമിതി നേതാവുമായ രേശ്മ വിധഭായ് പട്ടേല്‍ നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതിയുടെ നടപടി.  ഇതേ ആവശ്യം ഉന്നയിച്ച് രേശ്മ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞമാസം 12ന് ഹരജി തള്ളുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഹരജിക്കാരി സുപ്രിംകോടതിയെ സമീപിച്ചത്. വോട്ടെടുപ്പ് സുതാര്യമാവുന്നതിനും ക്രമക്കേട് നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും ബാലറ്റ് പേപ്പറോ വിവിപാറ്റ് യന്ത്രമോ ഉപയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷനു നിര്‍ദേശം നല്‍കണമെന്നാണ് രേശ്മയുടെ ആവശ്യം. 2015ല്‍ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പ്രത്യേക വിഭാഗത്തില്‍പെട്ട ആയിരക്കണക്കിനാളുകളുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കിയിരുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഈയാഴ്ച കോടതി വേനലവധിക്ക് അടയ്ക്കുന്നതിനാല്‍ ജൂലൈയിലായിരിക്കും ഇനി കേസ് പരിഗണിക്കുക.

RELATED STORIES

Share it
Top