ഗുജറാത്ത്‌കോണ്‍ഗ്രസ് വിടാനൊരുങ്ങി ഒബിസി നേതാവ്

അഹ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന്റെ ഒരു ഒബിസി എംഎല്‍എ കൂടി പാര്‍ട്ടി വിടാനൊരുങ്ങുന്നു. ഖാംഭാലിയ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ വിക്രം മാദമാണ് തന്റെ പരാതി സംസ്ഥാന പാര്‍ട്ടിനേതൃത്വം പരിഹരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് വിടുമെന്നു പ്രഖ്യാപിച്ചത്.
പാര്‍ട്ടി വേദിയില്‍ താന്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുമെന്നും തൃപ്തികരമായ മറുപടി കിട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസ് വിടുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പാര്‍ട്ടി നേതാക്കളെ കാണുന്നതിനു മുമ്പ് വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു മാദം.
നേരത്തെ ജാംനഗര്‍ ലോക്‌സഭാ മണ്ഡലത്തെ രണ്ടുതവണ മാദം പ്രതിനിധീകരിച്ചിരുന്നു. മറ്റൊരു ഒബിസി നേതാവും എംഎല്‍എയുമായ കന്‍വാര്‍ജി ബവാലിയ കോണ്‍ഗ്രസ് വിട്ട് ഈയിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. എംഎല്‍എ സ്ഥാനം രാജിവച്ച് അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.എന്നാല്‍, താന്‍ ബിജെപിയില്‍ ചേരില്ലെന്നാണ് മാദം പറഞ്ഞത്. കോണ്‍ഗ്രസ് വിടാന്‍ തനിക്കാവുമെന്നും എന്നാല്‍ ഒരിക്കലും ബിജെപിയില്‍ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി നേതൃത്വത്തിനു മുന്നില്‍ ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയങ്ങള്‍ വെളിപ്പെടുത്താന്‍ മാദം തയ്യാറായില്ല. സംസ്ഥാന പാര്‍ട്ടിനേതൃത്വത്തോട് സംസാരിക്കുന്നതിനു മുമ്പ് അവ വെളിപ്പെടുത്തുന്നതു ശരിയല്ല. 16നും 17നും സംസ്ഥാനത്തെത്തുന്ന പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സംസ്ഥാന ഘടകം പ്രസിഡന്റായി അമിത് ചാവ്ഡയെയും പ്രതിപക്ഷനേതാവായി പരേഷ് ധനാനിയെയും രാഹുല്‍ നിയമിച്ചതില്‍ മുതിര്‍ന്ന നേതാക്കള്‍ നിരാശരാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

RELATED STORIES

Share it
Top