ഗുജറാത്തില്‍ മങ്ങി

അഹ്മദാബാദ്: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വിജയം. ബിജെപി 99, കോണ്‍ഗ്രസ് സഖ്യം 80, മറ്റു കക്ഷികള്‍ 3 എന്നിങ്ങനെയാണ് ഗുജറാത്തിലെ സീറ്റ് നില.തുടര്‍ച്ചയായ ആറാം തവണ ഗുജറാത്തില്‍ അധികാരത്തിലെത്തുന്ന ബിജെപിക്ക് മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ സീറ്റുകളുടെ എണ്ണത്തില്‍ ചെറുതല്ലാത്ത നഷ്ടമാണ് സംഭവിച്ചത്. ദലിത് നേതാവ് ജിഗ്നേഷ് മേവാനിയും ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂറും ബിജെപി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തി സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമീണമേഖലകള്‍ കൈവിട്ടപ്പോള്‍ നഗരമേഖലകളിലെ മുന്നേറ്റമാണ് ബിജെപിയെ തുണച്ചത്. സംസ്ഥാനത്തിന്റെ തെക്ക്, വടക്ക് ഭാഗങ്ങള്‍ ബിജെപിക്കൊപ്പം നിന്നു. അഹ്മദാബാദും വഡോദരയും അടക്കമുള്ള നഗരമേഖലകളാണ് ബിജെപിയെ പിന്തുണച്ചത്. 70 നഗരകേന്ദ്രിത മണ്ഡലങ്ങളില്‍ ബിജെപി മുന്നേറിയപ്പോള്‍ കോണ്‍ഗ്രസ് ഗ്രാമീണമേഖലയിലാണ് നേട്ടമുണ്ടാക്കിയത്.ഗുജറാത്തില്‍ നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാണി തന്നെ ഇത്തവണയും തുടരുമെന്നാണ് പ്രാഥമിക സൂചന. പ്രധാനമന്ത്രിയുടെ സ്വന്തം തട്ടകമായ വട്‌നഗറില്‍ ജനവിധി കോണ്‍ഗ്രസ്സിനൊപ്പം നിന്നു. 19,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെയുള്ള ബിജെപിയുടെ സിറ്റിങ് സ്ഥാനാര്‍ഥിയായ നാരായണ്‍ പട്ടേലിനെ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥി ആശ പട്ടേല്‍ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലില്‍ ഒരു ഘട്ടത്തില്‍ പിന്നിട്ടുനിന്ന ബിജെപി പിന്നീട് ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. ആകെ 182 സീറ്റുകളുള്ള ഗുജറാത്തില്‍ കേവല ഭൂരിപക്ഷത്തിന് 92 സീറ്റാണ് വേണ്ടത്. 49.1 ശതമാനമാണ് ബിജെപിയുടെ വോട്ടുവിഹിതം. കോണ്‍ഗ്രസ്സിനു കിട്ടിയത് 41.4 ശതമാനം. 2012നെ അപേക്ഷിച്ച് ബിജെപിക്ക് 16 സീറ്റുകള്‍ കുറഞ്ഞു. 2012ല്‍ 116 സീറ്റുകളില്‍ വിജയിച്ച ബിജെപിയുടെ സാന്നിധ്യം ഇത്തവണ 99 മണ്ഡലങ്ങളിലൊതുങ്ങി. കോണ്‍ഗ്രസ്സുമായി സഖ്യം ഉപേക്ഷിച്ച് 58 മണ്ഡലങ്ങളില്‍ തനിച്ച് മല്‍സരിച്ച എന്‍സിപി ഒരിടത്തും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ രണ്ടിടത്തും വിജയിച്ചു. 117, 127, 117 എന്നിങ്ങനെയാണ് 1998, 2002, 2007 വര്‍ഷങ്ങളിലായി ബിജെപിക്ക് ലഭിച്ച സീറ്റുകള്‍. 1998നു ശേഷം ബിജെപിക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ സീറ്റ് നിലയാണ് ഇത്തവണത്തേത്.

RELATED STORIES

Share it
Top