ഗുജറാത്തില്‍ കാറ്റ് എങ്ങോട്ടാണ്?

നിരീക്ഷകന്‍
ഗുജറാത്തില്‍ 22 വര്‍ഷമായി ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഭരണം നടക്കുകയാണ്. കോണ്‍ഗ്രസ്സിനെ നിലംപരിശാക്കി പശുവാദികള്‍ ഭരണം പിടിച്ചെടുത്ത ശേഷം ഒരു പുതിയ തലമുറ ആ നാട്ടില്‍ ജനിച്ചു ജീവിച്ച് യൗവനദശയില്‍ എത്തിയിരിക്കുന്നു. ഗുജറാത്തിലെ യുവതലമുറ വോട്ടര്‍മാരില്‍ ഒരു വലിയ പങ്ക് ബിജെപി ഭരണമല്ലാതെ വേറൊന്നും അവരുടെ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല. യുവതലമുറയ്ക്ക് ബിജെപിയുടെ പശുഭക്തിഭരണം പിടിച്ചിട്ടില്ലെന്നാണ് സമീപകാല അനുഭവങ്ങളില്‍ നിന്നു വ്യക്തമാവുന്നത്. അവര്‍ നോക്കുന്നത് തൊഴിലും മെച്ചപ്പെട്ട ജീവിതവുമാണ്. അവര്‍ മാതൃകയാക്കുന്നത് വികസിത രാജ്യങ്ങളിലെ ജീവിതരീതിയും ഭരണസംവിധാനങ്ങളുമാണ്. അവര്‍ക്കു വേണ്ടത് പശുവിന്റെ പേരില്‍ വഴിപോക്കന്റെ മെക്കിട്ടുകേറിയും അവനെ കൊലവിളിച്ചും കിട്ടുന്ന ആഹ്ലാദമല്ല. അവര്‍ക്കു വേണ്ടത് മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിച്ചു ഭരിക്കുന്ന നേതാക്കളെയല്ല. അവര്‍ പുതിയൊരു ജനാധിപത്യ സമൂഹത്തിനു വേണ്ടിയാണ് ആഗ്രഹിക്കുന്നത്. സത്യത്തില്‍ ഗുജറാത്തിലെ യുവജനങ്ങള്‍ക്ക് ബിജെപിയുടെയും സംഘപരിവാരത്തിന്റെയും ദുര്‍ഭരണം മടുത്തിരിക്കുന്നു എന്ന സന്ദേശമാണ് അവിടെ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരുകാലത്ത് മോദിയുടെ തട്ടകമായിരുന്ന പ്രദേശങ്ങളില്‍ പോലും ഇന്നു ജനങ്ങള്‍ മാറിച്ചിന്തിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം ഹിന്ദു പത്രത്തിന്റെ പ്രത്യേക ലേഖിക സ്മിത ഗുപ്ത അവരുടെ പത്രത്തില്‍ എഴുതിയത് ഈ മാറിവീശുന്ന കാറ്റിന്റെ സൂചനയാണ്. അവര്‍ അഹ്മദാബാദില്‍ വന്നിറങ്ങി ഒരു ടാക്‌സി പിടിച്ചതാണ്. വന്നത് ഡല്‍ഹിയില്‍ നിന്നുള്ള പത്രലേഖികയാണെന്നു മനസ്സിലാക്കിയ ഡ്രൈവര്‍ ചോദിക്കാതെത്തന്നെ പറയാന്‍ തുടങ്ങി: ''അവരുടെ ഭരണം കുറേയായല്ലോ. ഇനി വേണ്ടത് മാറ്റമാണ്. കെട്ടിനില്‍ക്കുന്ന വെള്ളം ചീത്തയാവും. ഭരണവും അങ്ങനെത്തന്നെ. അഞ്ചു കൊല്ലം കൂടുമ്പോള്‍ ഭരണം മാറുകയാണ് ജനങ്ങള്‍ക്കു നല്ലത്.'' പിന്നീട് താന്‍ ബിജെപി വിരുദ്ധനൊന്നുമല്ലെന്നു തെൡയിക്കാനായി അയാള്‍ പറഞ്ഞുവത്രേ: ''ഞാനും ഹിന്ദു തന്നെയാണ്. പക്ഷേ, ഹിന്ദുത്വഭരണം വേണ്ട.'' ഇത് ഗുജറാത്തിലെ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്. അയോധ്യയിലെ അമ്പലംപണിയുടെ പേരു പറഞ്ഞ് വലിയ നേട്ടമുണ്ടാക്കിയ പ്രദേശമാണ് ഗുജറാത്ത്. ഗോധ്രയും തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപങ്ങളും ബിജെപിക്ക് തങ്ങളുടെ ഭരണം അരക്കിട്ടുറപ്പിക്കാന്‍ സഹായകമായി. എന്നിട്ട് എന്താണ് ജനങ്ങള്‍ക്ക് കിട്ടിയത്? സമ്പന്ന സമുദായമായ പട്ടേലുമാര്‍ അടക്കം തകര്‍ച്ചയെ നേരിടുകയാണ്. ചുരുക്കം ചില കോര്‍പറേറ്റുകളും ഭരണകക്ഷിയോട് ഒട്ടിനില്‍ക്കുന്ന ചിലര്‍ക്കുമാണ് നേട്ടമൊക്കെയും കിട്ടിയത്. കൃഷി പ്രധാന ഉപജീവനമാര്‍ഗമായിരുന്ന പട്ടേല്‍ സമുദായം കാര്‍ഷികരംഗത്തെ തകര്‍ച്ചയുടെ ഇരകളാണ്. ഒബിസി വിഭാഗങ്ങളും അങ്ങനെത്തന്നെ. അവരുടെ പരമ്പരാഗതമായ തൊഴില്‍മേഖലകള്‍ സ്തംഭിച്ചു. മറ്റൊരു പ്രബല വിഭാഗം പട്ടികജാതിക്കാരാണ്. അവരുടെ സ്ഥിതി മെച്ചപ്പെട്ടില്ലെന്നു മാത്രമല്ല, പശുഭക്തി കൂടിയപ്പോള്‍ അതിന്റെ ദുരിതം അനുഭവിച്ചതും അവര്‍ തന്നെയാണ്. ഇറച്ചിവ്യാപാരത്തിലും തുകല്‍പ്പണിയിലും ഏര്‍പ്പെട്ടിരുന്ന കുടുംബങ്ങള്‍ വെള്ളത്തിലായി. പശുവിനെ കൊന്നുവെന്ന പേരില്‍ ഡസന്‍കണക്കിനു ദലിതരെയാണ് പോലിസ് ഉപദ്രവിച്ചത്. ലക്ഷക്കണക്കിനു രൂപയാണ് അവരില്‍ നിന്ന് പോലിസ് കൈക്കൂലിയായി പിടിച്ചെടുത്തത്. ഇതു ഗ്രാമങ്ങളില്‍ സ്ഥിരം പതിവായിരിക്കുന്നു.  അതിക്രമങ്ങള്‍ നാടാകെ പരന്നിരിക്കുന്നു. ഇത്തരം പീഡനങ്ങള്‍ സ്ഥിരം ഇടപാടായി. അതിനോടുള്ള വിരോധമാണ് ഇപ്പോള്‍ ഹാര്‍ദിക് പട്ടേലിന്റെയും അല്‍പേഷ് ഠാക്കൂറിന്റെയും ജിഗ്‌നേഷ് മേവാനിയുടെയും പ്രസ്ഥാനങ്ങളുടെ രൂപത്തില്‍ ശക്തി പ്രാപിച്ചിരിക്കുന്നത്. ഗുജറാത്തില്‍ ഒരുകാലത്ത് ബിജെപിക്ക് വോട്ടുബാങ്കായി നിന്ന സമുദായങ്ങളെയാണ് ഈ മൂന്നു യുവാക്കളും പ്രതിനിധീകരിക്കുന്നത്. അവര്‍ തമ്മില്‍ തര്‍ക്കമുണ്ടെന്നു തീര്‍ച്ച. പക്ഷേ, ആ തര്‍ക്കത്തേക്കാള്‍ മുഖ്യം പ്രധാന എതിരാളിയായ സംഘപരിവാരത്തെ തകര്‍ക്കുകയാണെന്ന് മൂവരും പറയുന്നു. അതിനായി യോജിക്കാന്‍ അവര്‍ തയ്യാറാണ്. അതിന്റെ നേട്ടം കിട്ടാന്‍ പോവുന്നത് പ്രതിപക്ഷത്തെ പ്രധാന ശക്തിയായി നിലനില്‍ക്കുന്ന കോണ്‍ഗ്രസ്സിനാണെന്നു തീര്‍ച്ച.                                         ി

RELATED STORIES

Share it
Top