ഗുജറാത്തില്‍ കണ്ടത് അന്തസ്സു കൈവിട്ട പ്രചാരണം

എല്ലാ പൊതുതിരഞ്ഞെടുപ്പുകളിലും കാണുന്നപോലെ ഒട്ടേറെ വിവാദങ്ങള്‍ക്കു വഴിവച്ചുകൊണ്ട് ഗുജറാത്തിലെ തിരഞ്ഞെടുപ്പു പ്രചാരണം അവസാനിച്ചപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പദവിയുടെ പ്രാധാന്യവും അന്തസ്സും കളഞ്ഞുകുളിച്ചുകൊണ്ട് നടത്തിയ ആരോപണങ്ങളുടെ ദുസ്വാദ് മാത്രം ബാക്കിയാവുന്നു. പാകിസ്താന്‍ ഹൈക്കമ്മീഷണറും കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരും ഡോ. മന്‍മോഹന്‍ സിങ് അടക്കമുള്ള പ്രമുഖ നേതാക്കളും രഹസ്യമായി ഡല്‍ഹിയില്‍ സമ്മേളിച്ചെന്നായിരുന്നു മോദി ആരോപിച്ചത്. ബാബരി മസ്ജിദ് ധ്വംസനത്തിന്റെ 25ാം വാര്‍ഷികം രാഷ്ട്രം ദുഃഖത്തോടെ ആചരിക്കുന്ന ഡിസംബര്‍ ആറിനായിരുന്നുവത്രേ ഗൂഢാലോചനയ്ക്കായി കോണ്‍ഗ്രസ്സുകാരും മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി അടക്കമുള്ള പ്രമുഖരും സമ്മേളിച്ചത്. പൊതുവില്‍ രാഷ്ട്രീയ ചേരിപ്പോരില്‍ നിന്നു മാറിനില്‍ക്കുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തന്നെ മോദി ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്നു വ്യക്തമാക്കിക്കൊണ്ട് രംഗത്തുവന്നു.തുടര്‍ന്നദ്ദേഹം മറ്റൊരു തിരഞ്ഞെടുപ്പുയോഗത്തില്‍, ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതാവായ അഹ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കാന്‍ പാകിസ്താന്‍ തന്നെ ശ്രമിക്കുന്നുവെന്ന കഥയും തട്ടിവിട്ടു. രാഹുല്‍ ഗാന്ധിയുടെ മതത്തെപ്പറ്റി പരാമര്‍ശിച്ച പ്രധാനമന്ത്രി, യാതൊരു മാന്യതയുമില്ലാതെ അദ്ദേഹത്തെ ഷാഹിന്‍ഷാ, ഔറംഗസേബ് തുടങ്ങിയ പദങ്ങള്‍കൊണ്ടാണ് അഭിസംബോധന ചെയ്തത്. പട്ടീദാര്‍ അടക്കമുള്ള മൂന്നു സമുദായങ്ങളില്‍പ്പെട്ട നേതാക്കന്‍മാരെ ഹജ് എന്നായിരുന്നു മുന്‍ കര്‍സേവക് പ്രസംഗങ്ങളില്‍ പരിഹസിച്ചിരുന്നത്. തിരഞ്ഞെടുപ്പില്‍ എവിടെയുമില്ലാത്ത മുസ്‌ലിംകളെ സൂചിപ്പിക്കാനായിരുന്നു ആ പ്രയോഗം.ഗുജറാത്ത് മോഡല്‍ വികസനമെന്ന പ്രചാരണത്തിനു കുതിപ്പു നഷ്ടപ്പെട്ടത് സംസ്ഥാനത്ത് ബിജെപിക്ക് വലിയ ക്ഷീണം ചെയ്യുന്നുണ്ട്. കേന്ദ്രഭരണം കൈക്കലാക്കിയശേഷം തൂണിലും തുരുമ്പിലുമൊക്കെ തന്റെ പടം വച്ചുകൊണ്ട് അവതരിപ്പിച്ച നോട്ടുനിരോധനവും ജിഎസ്ടിയും ഉണ്ടാക്കിയ ജനരോഷം മറികടക്കാന്‍ ഉത്തര്‍പ്രദേശിലൊക്കെ കണ്ടതുപോലുള്ള നീചമായ വര്‍ഗീയവല്‍ക്കരണത്തിലൂടെ സാധിക്കുമെന്ന് മോദി കണക്കുകൂട്ടിയതിന്റെ കെടുനീര് പ്രചാരണയോഗങ്ങളിലെല്ലാം വലിയ ദുര്‍ഗന്ധം പരത്തിയിരുന്നു. ഗുജറാത്തിലെ തിരിച്ചടി ദേശീയതലത്തില്‍ തന്നെ തനിക്കും പാര്‍ട്ടിക്കും വലിയ വെല്ലുവിളിയാവുമെന്ന ആശങ്കയാണ് മോദിയുടെയും അദ്ദേഹത്തിന്റെ വലംകൈയായ അമിത് ഷായുടെയും വഴിവിട്ട വ്യാജ പ്രചാരണങ്ങള്‍ക്കു പിന്നില്‍. ഗുജറാത്തില്‍ അധികാരം നിലനിര്‍ത്തുന്നതില്‍ പാര്‍ട്ടി വിജയിച്ചെന്നു വന്നേക്കാം. എന്നാലത് ഇന്നുവരെ കണ്ടിട്ടില്ലാത്തവിധം രാഷ്ട്രീയമല്‍സരങ്ങളെ വര്‍ഗീയതയുടെയും ശാത്രവത്തിന്റെയും വളരെ അപകടകരമായ തലങ്ങളിലേക്കാണ് തള്ളിവിട്ടത്. പൊതുവില്‍ സംഘപരിവാരം നടത്തുന്ന നുണക്കഥകളുടെയും വ്യാജ പ്രചാരണങ്ങളുടെയും നിലവാരം പരിഗണിക്കുമ്പോള്‍ ഇതില്‍ അദ്ഭുതമില്ല. പക്ഷേ, പ്രധാനമന്ത്രിപദമെന്നത് മോദിക്കോ മറ്റു രാഷ്ട്രീയനേതാക്കള്‍ക്കോ മലിനമാക്കാവുന്ന ഒരു കസേരയല്ല; അതൊരു ഭരണഘടനാദത്തമായ പദവിയാണ്.

RELATED STORIES

Share it
Top