ഗീബല്‍സിന്റെ ചിരി
വികസന വായാടിത്തത്തിന്റെ വര്‍ണക്കുപ്പായങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച, നുണകളുടെയും അര്‍ധസത്യങ്ങളുടെയും വിഷവൃക്ഷം മുളപ്പിച്ച ഗുജറാത്തിന്റെ രാഷ്ട്രീയയാഥാര്‍ഥ്യങ്ങള്‍ തേടിയൊരു
സഞ്ചാരം - രാഷ്ട്രീയ യാത്രാ വിവരണം എന്ന വിഭാഗത്തിലുള്‍പ്പെടുന്നു എ വി അനില്‍കുമാറിന്റെ ഈ
പുസ്തകം


geebalz chirikunna gujarath

റെന്വര്‍

ഗീബല്‍സ് ചിരിക്കുന്ന ഗുജറാത്ത്, വികസന മുദ്രാവാക്യങ്ങള്‍ കൊണ്ട് വംശഹത്യയുടെ ചോരപ്പാടുകള്‍ മായ്ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആ ദേശത്തെ അങ്ങനെ വിളിക്കാം. ജോസഫ് ഗീബല്‍സ് പറഞ്ഞ, ആയിരം തവണ ആവര്‍ത്തിക്കുന്ന കള്ളങ്ങള്‍ ഗാന്ധിനഗറിലെ ഇന്റര്‍നാഷനല്‍ ഫിനാന്‍സ് ടെക് സിറ്റിയുടെയും മുന്ദ്രയിലെ അന്താരാഷ്ട്ര തുറമുഖത്തിന്റെയും പ്രത്യേക നിക്ഷേപമേഖലകളുടെയും പരസ്യപ്പലകകളില്‍ നിറയുമ്പോള്‍ ഗുജറാത്ത് വികസനത്തിന്റെ മക്കയായി മാറുന്നു. ഇന്ന് ബംഗാള്‍ ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കുമെന്ന 70കളിലെ ഇടതുഭാവനകളിലെ സംസ്ഥാനത്തിന്റെ പേര് ഇന്നത്തെ ഡോമിനന്റ് ഭാവനകളില്‍ ഗുജറാത്ത് എന്നാവുന്നു. അഹ്മദാബാദ് എന്ന മെട്രോനഗരവും സൂറത്ത്, വഡോദര പോലുള്ള അതിവേഗം വളരുന്ന നഗരങ്ങളും കഷ്ടപ്പെടുന്നവര്‍ക്കുള്ള രക്ഷാകേന്ദ്രങ്ങളായി ഇങ്ങു തെക്ക് കേരളത്തിലെ ചലച്ചിത്രങ്ങളിലും മാഗസിനുകളിലെ കവര്‍സ്‌റ്റോറികളിലും ചിത്രീകരിക്കപ്പെടുന്നു.
ഫാഷിസം എന്നും നാത്‌സിസമെന്നും ഒക്കെ 50 വര്‍ഷം മുമ്പ് ഇറ്റലിയിലും ജര്‍മനിയിലും നിലനിന്ന വ്യവസ്ഥിതികളുടെ പേരിട്ടു വിളിക്കുന്ന ഹിന്ദുത്വത്തിന്റെ ആക്രമണോല്‍സുകതയുടെ പരീക്ഷണശാലകളിലൊന്നായ ഗുജറാത്ത്. ജോസഫ് ഗീബല്‍സോ ഹിറ്റ്‌ലറോ അല്ല നരേന്ദ്ര മോദിയും നരേന്ദ്ര മോദി എന്ന ബിംബത്തിനു പിറകിലുള്ള മറ്റനേകം ഹിന്ദുത്വ, ദേശീയവാദികളും ചിരിക്കുന്ന ഗുജറാത്ത്. ചില നിലപാടുകളോടും ശൈലിയോടും വിയോജിപ്പു തോന്നിയെങ്കിലും ഗുജറാത്ത് എന്ന ദേശത്തെ പല വസ്തുതകളും വെളിപ്പെടുത്തുന്ന ഗീബല്‍സ് ചിരിക്കുന്ന ഗുജറാത്ത്, ഇന്നത്തെ വികസനനായകന്‍ മോദിയുടെ, സൂപ്പര്‍പവറായ ഇന്ത്യയുടെ പശ്ചാത്തലത്തില്‍ പ്രസക്തമാവുന്നു.
രാഷ്ട്രീയ യാത്രാവിവരണം എന്ന വിഭാഗത്തിലുള്‍പ്പെടുന്നു എ വി അനില്‍കുമാര്‍ എഴുതി ചിന്ത പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം. 'വികസന വായാടിത്തത്തിന്റെ വര്‍ണക്കുപ്പായങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച, നുണകളുടെയും അര്‍ധസത്യങ്ങളുടെയും വിഷവൃക്ഷം മുളപ്പിച്ച ഗുജറാത്തിന്റെ രാഷ്ട്രീയയാഥാര്‍ഥ്യങ്ങള്‍ തേടിയൊരു സഞ്ചാരം' എന്ന ഒന്നാം അധ്യായത്തിലെ ഒന്നാമത്തെ വാചകത്തില്‍ ലേഖകന്‍ തന്റെ കൃതിയെ വിശദീകരിക്കുന്നു. കാന്‍സര്‍കോശങ്ങളെപ്പോലെ അനിയന്ത്രിതമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഗുജറാത്ത് നഗരവികസനത്തെക്കുറിച്ചുള്ള ആശങ്കകള്‍ ലേഖകന്‍ പങ്കുവയ്ക്കുന്നുണ്ട് ഇതോടൊപ്പം.
വ്യവസായങ്ങള്‍ വളരുമ്പോള്‍ തുച്ഛമായ കൂലിക്ക് ജോലി ചെയ്യുന്നവര്‍, പാരമ്പര്യ ജീവനോപാധികള്‍ നഷ്ടപ്പെടുന്നവര്‍, തെരുവിലെ താല്‍ക്കാലിക തണലുകളില്‍ പകലും നക്ഷത്രങ്ങള്‍ക്കു താഴെ രാത്രിയും കഴിച്ചുകൂട്ടുന്നവര്‍, തെരുവില്‍ ക്ഷൗരം ചെയ്യുന്നവര്‍, പഴയൊരു തയ്യല്‍മെഷീന്‍ മരത്തണലില്‍ വച്ച് കീറിയ വസ്ത്രങ്ങളോ വിട്ടുപോയ പോക്കറ്റുകളോ തുന്നാന്‍ വല്ലപ്പോഴുമെത്തുന്നവരെ പ്രതീക്ഷിക്കുന്നവര്‍, നഗരം ഗ്രാമങ്ങളെ വളഞ്ഞപ്പോള്‍ കുടിയൊഴിഞ്ഞ് അഭയാര്‍ഥികളായവര്‍... പഴയ ഒരു ചലച്ചിത്രത്തില്‍ ഉന്നതോദ്യോഗസ്ഥനായ നായകന് കൈയടിവാങ്ങാനുള്ള ഡയലോഗിലെ സ്‌പെസിമെനായവരുടെ വാക്കുകളും നേര്‍ച്ചിത്രങ്ങളും ഇന്നത്തെ ഗുജറാത്തിന്റെ യാഥാര്‍ഥ്യത്തെ പങ്കുവയ്ക്കുന്നു.
കുടിയൊഴിപ്പിക്കലുകളും വംശഹത്യാനന്തര രാഷ്ട്രീയവും തമ്മിലുള്ള ബന്ധം തുടര്‍ന്നുള്ള അധ്യായങ്ങളില്‍ വായിച്ചെടുക്കാം. മധ്യവര്‍ഗ കുടുംബത്തില്‍നിന്ന് അനിശ്ചിതത്വത്തിന്റെ ലോകത്തേക്ക് ഇറക്കിവിടപ്പെട്ട സാദിഖിന്റെ കഥയുമായി ചേര്‍ത്തുവച്ച് സംസ്ഥാനത്തെ മുസ്‌ലിംകള്‍ അരികുവല്‍ക്കരിക്കപ്പെടുന്നതിന്റെ യാഥാര്‍ഥ്യം പുസ്തകത്തിന്റെ രണ്ടാം അധ്യായത്തിലൂടെ ലേഖകന്‍ എടുത്തുകാട്ടുന്നു. 768 എന്ന സംഖ്യക്ക് ഇസ്‌ലാം വിശ്വാസവുമായുള്ള ബന്ധം കാരണം ആ സംഖ്യയെ വാഹനങ്ങളിലെ ഫാന്‍സി നമ്പറാക്കുന്നതിനു ഗുജറാത്തിലെ മധ്യവര്‍ഗ മുസ്‌ലിംകള്‍ ഒരിക്കല്‍ താല്‍പ്പര്യപ്പെട്ടിരുന്നു. എന്നാല്‍, തീവ്രഹിന്ദുത്വത്തിന്റെ കാലത്ത് മതചിഹ്നങ്ങള്‍ മുസ്‌ലിംകള്‍ക്ക് എത്രത്തോളം അനിശ്ചിതത്വം നല്‍കുന്നു എന്നതിന് തെളിവാണ് ഈ നമ്പറിലുള്ള രജിസ്‌ട്രേഷന്‍ മുസ്‌ലിംകള്‍ ബോധപൂര്‍വം ഒഴിവാക്കിയത്.
മറ്റൊരുദാഹരണം രാജുഭായ് എന്ന പേരാണ്. ചില തമിഴ്‌സിനിമകളിലെ മുംബൈ അധോലോക നായകന്‍മാരുടെ പേരുമായി ഭായ് എന്നവസാനിക്കുന്ന പേരുകള്‍ക്ക് സാമ്യം കാണാം.

എന്നാല്‍, എ വി അനില്‍കുമാര്‍ പറയുന്ന രാജുഭായിമാര്‍ ഓട്ടോ ഡ്രൈവര്‍മാരാണ്. മൂന്നോ നാലോ ഓട്ടോഡ്രൈവര്‍മാരോട് പേരു ചോദിച്ചപ്പോള്‍ അവര്‍ ഉത്തരം നല്‍കിയത് രാജുഭായ് എന്നാണെന്ന് ലേഖകന്‍ പറയുന്നു. മുസ്‌ലിം നാമത്തെ മറച്ചുവച്ച് അപകടങ്ങളെ ഒഴിവാക്കാന്‍ രാജുഭായ് എന്ന പേര്‍ സ്വയം സ്വീകരിക്കേണ്ടിവരുന്ന ആ ഓട്ടോഡ്രൈവര്‍മാരുടെ ജീവിതാവസ്ഥ ഗുജറാത്തിന്റെ നേര്‍ചിത്രമാണ്. ഗുജറാത്തിനെ ഭരിക്കുന്നത് ഭയമാണെന്ന് ലേഖകന്‍ വിശദീകരിക്കുന്നു. മധ്യവര്‍ഗ മലയാളിക്ക് ഇതര സംസ്ഥാന തൊഴിലാളികളോടു തോന്നുന്ന അസഹിഷ്ണുതയുടെ ഓമനപ്പേരായിട്ടായിരിക്കാം ഭയം എന്ന വാക്ക് ചിലപ്പോള്‍ നമുക്ക് മുന്നിലുണ്ടാവുക. അതിനാല്‍ തന്നെ ഹിന്ദുത്വമെന്നോ ഫാഷിസമെന്നോ നാത്‌സിസമെന്നോ ഉള്ള വിളിപ്പേരുകൊണ്ടു മാത്രം സൂചിപ്പിക്കാന്‍ പറ്റാത്ത, ആക്രമണോല്‍സുകമായ പ്രത്യയശാസ്ത്രത്തിന്റെ കാലത്ത് ന്യൂനപക്ഷം അനുഭവിക്കുന്ന ഇന്‍സെക്യൂരിറ്റിയെ എന്തുപേരിട്ട് വിളിക്കാമെന്ന ആശയക്കുഴപ്പം വായനക്കാരന് തോന്നിയേക്കാം.
പുരോഗതിയുടെ കൊട്ടക്കണക്കുകളാണ് ഗുജറാത്തും അല്ലെങ്കില്‍ ഇന്ത്യയും ഇന്നു മുന്നോട്ടുവയ്ക്കുന്നത്. ഗ്ലോബലൈസേഷന്‍ ഇന്ത്യനൈസേഷനായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, ഗൗതം അദാനിയടക്കമുള്ളവരുടെ ബിസിനസ് താല്‍പര്യങ്ങള്‍ വികസനമെന്നു വിളിക്കപ്പെടുന്ന ഈ കാലത്ത്, സാധാരണക്കാരുടെ ജീവിതം എങ്ങനെ കണക്കുകളെ ചോദ്യം ചെയ്യുന്നു എന്ന് ഗുജറാത്തിലെ വിദ്യാഭ്യാസ ആരോഗ്യക്ഷേമരംഗങ്ങളെ മുന്‍ നിര്‍ത്തി ലേഖകന്‍ വിലയിരുത്തുന്നു.
മോദി എന്ന വ്യക്തി, ഹിന്ദുത്വത്തിന്റെ ആണത്ത ബിംബകല്‍പനകള്‍, ഫാഷിസത്തിന്റെ തെരുവിലെത്തുന്നതിനു മുമ്പുള്ള മനശ്ശാസ്ത്രത്തെ സൂക്ഷ്മമായിത്തന്നെ ലേഖകന്‍ വിലയിരുത്തുന്നു. മോദിയുടെ കുര്‍ത്തകള്‍ എന്ന ഫാഷന്‍ സിംബല്‍, ശക്തനായ മോദി എന്ന ബിംബകല്‍പന, സര്‍ദാര്‍ പട്ടേല്‍ പോലുള്ള ചരിത്രപുരുഷന്‍മാരുടെ അവതരണം എന്നിങ്ങനെ സമീപഭാവിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചില അവലോകനങ്ങള്‍ ഗീബല്‍സ് ചിരിക്കുന്ന ഗുജറാത്തിലും വായിക്കാം. 2015 മെയ് മാസത്തിലാണ് ഗീബല്‍സ് ചിരിക്കുന്ന ഗുജറാത്തിന്റെ ആദ്യ പ്രതി പുറത്തിറങ്ങിയത്.

ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി ഒരു വര്‍ഷം തികയ്ക്കുന്നതിനിടെ, ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് ഹിന്ദുത്വരാല്‍ കൊലചെയ്യപ്പെടുന്നതിന് അഞ്ചു മാസം മുമ്പ്. പുസ്തകം ഇറങ്ങിയ കാലത്തേക്കാളുപരി കുറച്ചൊന്നു വൈകിയ ഈ സമയത്താണ് അതിന്റെ വായന കൂടുതല്‍ പ്രസക്തമാവുന്നതെന്ന് ചില അധ്യായങ്ങള്‍ വായിക്കുമ്പോള്‍ തോന്നും. സസ്യാഹാരം എന്ന അഹിംസാവാദത്തിലൂടെ പ്രചരിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം പുസ്തകത്തില്‍ വിലയിരുത്തപ്പെടുന്നു. ആശങ്കകള്‍ പരിഹസിക്കപ്പെടേണ്ടവയാണെന്ന് ചിന്തിക്കുകയാണെങ്കില്‍ ഗീബല്‍സിന്റെ ചിരികള്‍ ആസ്വദിക്കാന്‍ പറ്റിയേക്കും. ആ ചിരി ആസ്വദിക്കാന്‍ പറ്റാത്തവര്‍ക്ക് ഗീബല്‍സ് ചിരിക്കുന്ന ഗുജറാത്തിന്റെ വായന നല്‍കുന്നത് കുറച്ചു കൂടെ ആശങ്കകളായിരിക്കും എന്നു മാത്രം പറഞ്ഞ് അവസാനിപ്പിക്കട്ടെ.RELATED STORIES

Share it
Top