ഗാന്ധി വധം: പുനരന്വേഷണം വേണ്ടെന്ന് അമിക്കസ് ക്യൂറി

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ പുനരന്വേഷണം നടത്തേണ്ടതില്ലെന്ന് സുപ്രിംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപോര്‍ട്ട്. നാഥുറാം ഗോഡ്‌സെ അല്ലാതെ മറ്റൊരാളുടെ വെടിയേറ്റാണ് ഗാന്ധി കൊല്ലപ്പെട്ടതെന്നതിന് തെളിവില്ല. വിദേശ ഏജന്‍സികള്‍ക്ക് ഗാന്ധിവധത്തില്‍ പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അമിക്കസ് ക്യൂറി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കി. ഗാന്ധിവധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അഭിനവ് ഭാരത് എന്ന സംഘപരിവാര സംഘടനയുടെ ട്രസ്റ്റി പങ്കജ് ഫഡ്‌നാവിസ് നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് അമിക്കസ് ക്യൂറി അമരീന്ദര്‍ സരണ്‍ സുപ്രിംകോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഗാന്ധിവധത്തെ കുറിച്ച് അന്വേഷിക്കാന്‍ പുതിയ കമ്മീഷനെ നിയമിക്കണമെന്നാണ് സംഘപരിവാര സംഘടനയുടെ ആവശ്യം.  വധത്തില്‍ ദുരൂഹതയുണ്ടെന്ന വാദം അമിക്കസ് ക്യൂറി അംഗീകരിച്ചില്ല. നാഥുറാം വിനായക് ഗോഡ്‌സെ അല്ലാതെ മറ്റൊരാളാണ് ഗാന്ധിജിയെ വെടിവച്ചതെന്ന സംഘപരിവാര പ്രവര്‍ത്തകന്റെ വാദവും അമിക്കസ് ക്യൂറി തള്ളിക്കളഞ്ഞു. ഗോഡ്‌സെയാണ് വെടിവച്ചതെന്ന കാര്യം വ്യക്തമായി തെളിഞ്ഞതാണെന്നും ഇക്കാര്യത്തില്‍ കോടതി തീര്‍പ്പുകല്‍പ്പിച്ചതാണെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. ഗോഡ്‌സെയുടേതല്ലാതെ നാലാമത്തെ വെടിയുണ്ടയാണ് ഗാന്ധി കൊല്ലപ്പെടാന്‍ ഇടയാക്കിയതെന്ന ഹരജിക്കാരന്റെ സിദ്ധാന്തം നിലനില്‍ക്കില്ല. വിദേശ ഏജന്‍സിക്ക് വധത്തില്‍ പങ്കുണ്ടെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. കേസില്‍ പുതിയ തെളിവുകള്‍ ഒന്നും ലഭ്യമല്ല. അതിനാല്‍, കേസില്‍ പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അമിക്കസ് ക്യൂറിയുടെ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസില്‍ അടുത്ത വെള്ളിയാഴ്ച സുപ്രിംകോടതി വിധിപറയും.

RELATED STORIES

Share it
Top