ഗാന്ധി ജയന്തി96 തടവുകാരെ മോചിപ്പിക്കുന്നതിന് പട്ടിക തയ്യാറായതായി സൂചന

തിരുവനന്തപുരം: ഗാന്ധി ജയന്തി ദിനത്തില്‍ സംസ്ഥാനത്ത് 96 തടവുകാരെ മോചിപ്പിക്കുന്നതിന് പട്ടിക തയ്യാറായതായി സൂചന. ഇവരെ ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനാണ് തീരുമാനം. സെന്‍ട്രല്‍ ജയിലുകളായ പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍, തുറന്ന ജയിലായ നെട്ടുകാല്‍ത്തേരി എന്നിവിടങ്ങളിലുള്ളവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. പ്രാഥമിക പട്ടിക പരിശോധിക്കാനുള്ള ആദ്യ യോഗം കഴിഞ്ഞമാസം ചേര്‍ന്നിരുന്നു. രണ്ടാമത്തെ യോഗം ഇന്ന് നടക്കും. ജയില്‍ സൂപ്രണ്ടുമാരാണ് തടവുകാരുടെ പേരുകള്‍ കൈമാറിയത്. ജയില്‍ ഡിഐജിമാര്‍, ചീഫ് വെല്‍ഫെയര്‍ ഓഫിസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സമിതി ഇത് വിലയിരുത്തി പട്ടിക തയ്യാറാക്കി ജയില്‍ ഡിജിപി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ അടങ്ങുന്ന സമിതിക്ക് കൈമാറും. തുടര്‍ന്ന് അവര്‍ രൂപംനല്‍കുന്ന അന്തിമ പട്ടികയാണു സര്‍ക്കാരിനു നല്‍കുക. പിന്നീട് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയശേഷം ഗവര്‍ണര്‍ക്ക് കൈമാറും. ഗവര്‍ണറുടെ അനുമതി ലഭിച്ചാല്‍ തടവുകാരെ വിട്ടയക്കും. സ്ത്രീകളില്‍ 55 വയസ്സ് കഴിഞ്ഞവരെയും ശിക്ഷാ കാലാവധിയുടെ 50 ശതമാനം പൂര്‍ത്തിയാക്കിയവരെയും ഭിന്നലിംഗത്തില്‍പ്പെട്ടവരെയും പരിഗണിക്കും. പുരുഷന്‍മാരാണെങ്കില്‍ 60 വയസ്സ് പൂര്‍ത്തിയാവണം. പകുതി ശിക്ഷാകാലാവധി കഴിയുകയും വേണം. 70 ശതമാനം വൈകല്യമുള്ളവരെയും ശിക്ഷാ കാലാവധിയുടെ 66 ശതമാനം പൂര്‍ത്തിയാക്കിയവരെയും സ്ഥിരം രോഗികളായവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തും. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിച്ചവരെ പരിഗണിക്കില്ല.

RELATED STORIES

Share it
Top