ഗാന്ധിനഗര്‍ എസ്‌ഐയെ രക്ഷിക്കാന്‍ നീക്കം

കോട്ടയം: കെവിന്റെ കൊലപാതകക്കേസില്‍ ഗാന്ധിനഗര്‍ എസ്‌ഐ എം എസ് ഷിബുകുമാറിനെ രക്ഷിക്കാന്‍ നീക്കം. ഷിബു കുമാറിന് കേസില്‍ നിന്ന് ഊരിപ്പോവുന്നതിന് പഴുതുകളൊരുക്കിയാണ് അന്വേഷണ ച്ചുമതലയുള്ള ഐജി വിജയ് സാഖറെ റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സംഭവമറിഞ്ഞിട്ടും എസ്‌ഐ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചില്ലെന്നാണ് ഐജിയുടെ റിപോര്‍ട്ട്. എസ്‌ഐ ഗുരുതരമായ കൃത്യവിലോപം കാട്ടിയതായും കുറ്റകൃത്യം അറിഞ്ഞിട്ടും അത് മറച്ചുവച്ചെന്നും റിപോര്‍ട്ടിലുണ്ട്. ഐജിയുടെ കണ്ടെത്തല്‍ അടിസ്ഥാനമാക്കിയാണെങ്കില്‍ എസ്‌ഐക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ക്ക് ഒരു സ്ഥലംമാറ്റത്തില്‍ ഒതുങ്ങുന്ന ശിക്ഷ മാത്രമാണ് ലഭിക്കൂവെന്നാണ് വിലയിരുത്തപ്പെടുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയ ശേഷം ഭാര്യ നീനു നല്‍കിയ പരാതിയും അച്ഛന്‍ ജോസഫിന്റെ പ്രതികളെക്കുറിച്ചുള്ള സൂചനകളും എസ്‌ഐ എം എസ് ഷിബു മുഖവിലയ്‌ക്കെടുത്തില്ലെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളതിനാല്‍ പിന്നീട് പരിഗണിക്കാമെന്നായിരുന്നു എസ്‌ഐയുടെ മറുപടി. യഥാസമയം എസ്‌ഐ ഇടപെടുകയും വിഷയം ഉന്നത ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നുവെങ്കില്‍ കെവിനെ ജീവനോടെ കണ്ടെത്താമായിരുന്നുവെന്നാണ് കണക്കുകൂട്ടല്‍. ഈ സാഹചര്യത്തില്‍ എസ്‌ഐയ്‌ക്കെതിരേയും ശക്തമായ വകുപ്പുകള്‍ ചുമത്തണമെന്ന ആവശ്യം ശക്തമാണ്.

RELATED STORIES

Share it
Top