ഗാന്ധിക്കൊപ്പം ജിന്ന; അലിഗഡില്‍ വീണ്ടും വിവാദം

അലിഗഡ്: അലിഗഡ് മുസ്‌ലിം സര്‍വകലാശാല(എഎംയു) യില്‍ സംഘടിപ്പിച്ച ഫോട്ടോപ്രദര്‍ശനത്തില്‍ മഹാത്മജിക്കൊപ്പം പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദലി ജിന്ന നില്‍ക്കുന്ന ചിത്രം പ്രത്യക്ഷപ്പെട്ടതു സംബന്ധിച്ച് അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടു. ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായാണ് ഗാന്ധിയുടെ ജീവിതവും കാലവും പ്രമേയമാക്കി എഎംയുവില്‍ ഒരാഴ്ച നീളുന്ന ഫോട്ടോപ്രദര്‍ശനം സംഘടിപ്പിച്ചത്. പ്രദര്‍ശനത്തില്‍ ഗാന്ധിയും ജിന്നയും നില്‍ക്കുന്ന ചിത്രം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ലൈബ്രേറിയന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ജിന്നയുടെ ഫോട്ടോ അധികൃതര്‍ നീക്കം ചെയ്തു.
ഗാന്ധിക്കൊപ്പം ജിന്ന നില്‍ക്കുന്ന ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് ബിജെപി എംപി സതീഷ് ഗൗതം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വാഴ്‌സിറ്റി അധികൃതര്‍ നടപടി സ്വീകരിച്ചത്. നീക്കം ചെയ്ത ചിത്രങ്ങളില്‍ ഒന്ന് ഗാന്ധി, ജിന്നയ്ക്കും സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിനുമൊപ്പം നില്‍ക്കുന്നതാണ്.
സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ ഓഫിസിലെ ജിന്നയുടെ ഛായാപടത്തെച്ചൊല്ലി മെയ് മാസത്തില്‍ വിവാദമുയര്‍ന്നിരുന്നു.

RELATED STORIES

Share it
Top