ഗാഥയുടെ വിയോഗം നാടിന്റെ തേങ്ങലായി

ചാമംപതാല്‍: അകാലത്തില്‍ പൊലിഞ്ഞ ചാമംപതാല്‍ രാരീരത്തില്‍ രാജു-പ്രമീള ദമ്പതികളുടെ മകള്‍ ഗാഥ രാജു(15)വിന്റെ വിയോഗം നാടിനെയൊന്നടങ്കം കണ്ണീരിലാഴ്ത്തി. കഴിഞ്ഞ ഏതാനും മാസങ്ങളായി കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന്് എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഗാഥ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് മരണത്തിനു കീഴടങ്ങുന്നത്. മരണ വിവരമറിഞ്ഞത് മുതല്‍ ഗാഥയുടെ മുഖം അവസാനമായി ഒരുനോക്കുകാണാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്് നിരവധി പേരാണ് വീട്ടിലേക്ക് എത്തിയത്. കരളലിയിക്കുന്ന കാഴ്ചകള്‍ക്കാണ് മരണവീട്ടിലെത്തിയവര്‍ സാക്ഷിയായത്. ഏകമകളുടെ വേര്‍പാടില്‍ അലമുറയിടുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ പ്രയാസപ്പെടുന്നത് കൂടിനിന്നവരെ കണ്ണീരണിയിച്ചു. പ്രിയസ്‌നേഹിതയുടെ ചേതനയറ്റ ശരീരംകണ്ട സഹപാഠികളും വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. ഇന്നലെ വൈകീട്ട് നാലോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. തലച്ചോറിനു ബാധിച്ച ക്യാന്‍സറിന്റെ ചികില്‍സയുടെ ഭാഗമായി ലക്ഷക്കണക്കിനു രൂപ ആവശ്യമായിരുന്നു. രോഗിയായ പിതാവ് രാജുവിനും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മാതാവ് പ്രമീളയ്ക്കും താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു ചികില്‍സാ ചെലവുകള്‍. പണം കണ്ടെത്താനായി നാടും നാട്ടാരും അകമഴിഞ്ഞ് സഹായിക്കുകയും സംസ്ഥാന സര്‍ക്കാരിന്റെ വി കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹിക സുരക്ഷാ മിഷന്‍ ഗാഥയുടെ ചികില്‍സയുടെ മുഴുവന്‍ ചെലവും ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെയും സുമനസ്സുകളുടെയും സഹായങ്ങള്‍ക്കൊന്നും കാത്തുനില്‍ക്കാതെ ഗാഥ യാത്രയാവുകയായിരുന്നു. പൊന്‍കുന്നം ഗവ. ഹൈസ്‌കൂള്‍ 10ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ഗാഥ.

RELATED STORIES

Share it
Top