ഗാംഗുലിയോട് പന്തയം തോറ്റു ; ഇംഗ്ലണ്ട് ജഴ്‌സിയണിഞ്ഞ് ഷെയ്ന്‍ വോണ്‍ലണ്ടന്‍: എതിരാളികളെ സ്പിന്‍ കുരുക്കില്‍ വീഴ്ത്തി തോല്‍പ്പിക്കുന്ന ആസ്‌ത്രേലിയന്‍ സ്പിന്‍ ബൗളിങ് ഇതിഹാസം ഷെയ്ന്‍ വോണ്‍ പക്ഷേ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയോട് പരാജയപ്പെട്ടു. ക്രിക്കറ്റ് കളിയിലല്ല, ക്രിക്കറ്റ് പന്തയത്തിലാണ് വോണ്‍ ഗാംഗുലിക്ക് മുന്നില്‍ മുട്ടുമടക്കിയത്. പന്തയം തോറ്റതിന്റെ ശിക്ഷയായി ഇംഗ്ലണ്ട് ടീമിന്റെ ജഴ്‌സിയണിഞ്ഞ് വോണ്‍ എത്തിയതോടെയാണ് സംഭവം മറ്റുള്ളവര്‍ അറിയുന്നത്. ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ ഇംഗ്ലണ്ട്- ആസ്‌ത്രേലിയ നിര്‍ണായക പോരാട്ടമായിരുന്നു ഗാംഗുലിയേയും വോണിനേയും പന്തയത്തിന് പ്രേരിപ്പിച്ചത്. തോറ്റാല്‍ ആസ്‌ത്രേലിയ സെമി കാണാതെ പുറത്താവുന്ന നിര്‍ണായക മല്‍സരത്തില്‍ വോണിന്റെ അഭിപ്രായം ആസ്‌ത്രേലിയ ജയിക്കുമെന്നായിരുന്നു. എന്നാല്‍ ഗാംഗുലിയുടെ അഭിപ്രായത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ആസ്‌ത്രേലിയയെ കീഴടക്കുമെന്നായിരുന്നു. ഇരുവരുടേയും പ്രവചനം ഒടുവില്‍ പന്തയത്തിലേക്ക് നീങ്ങി. ആസ്‌ത്രേലിയയെ ജയിച്ചാല്‍ ഗാംഗുലി വോണിന് ഒരുഗ്രന്‍ അത്താഴം നല്‍കണം. കൂടാതെ ഒരു ദിവസം മുഴുവന്‍ ആസ്‌ത്രേലിയയുടെ ജഴ്‌സിയും അണിയണം. ഇനി ആസ്‌ത്രേലിയ തോറ്റാല്‍ വോണ്‍ ഇംഗ്ലണ്ടിന്റെ ജഴ്‌സിയും അണിയും. പക്ഷേ ഭാഗ്യം ഗാംഗുലിക്കൊപ്പമായിരുന്നു. മഴ വില്ലനായ മല്‍സരത്തില്‍ ഇംഗ്ലണ്ടിനോട് 40 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങി. ആസ്‌ത്രേലിയ സെമിഫൈനല്‍ കാണാതെ പുറത്തായി. പന്തയത്തില്‍ തോറ്റ വോണ്‍ വാക്കുപാലിച്ചു. ലണ്ടനിലെ മല്‍സര വേദിയില്‍ ഇംഗ്ലണ്ട് ജഴ്‌സിയണിഞ്ഞെത്തിയ വോണ്‍ തന്റെ തോല്‍വി സമ്മതം നടത്തി. എന്നാല്‍ സെമിയില്‍ പാകിസ്താനോട് എട്ട് വിക്കറ്റിന് തോറ്റ് ഇംഗ്ലണ്ട് സ്വന്തം നാട്ടില്‍ ഇളിഭ്യരായി.

RELATED STORIES

Share it
Top