ഗസ വെടിവയ്പ് നിയമവിരുദ്ധം: ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്‌

ന്യൂയോര്‍ക്ക്: ഗസ അതിര്‍ത്തിയില്‍ സമാധാനപരമായി സമരം ചെയ്ത നിരായുധരായ ഫലസ്തീനികളെ വെടിവച്ചുകൊന്ന ഇസ്രായേല്‍ സൈന്യത്തിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ഹ്യൂമന്റൈറ്റ്‌സ് വാച്ച് (എച്ച്ആര്‍ഡബ്ല്യു). മുന്‍കൂട്ടി തീരുമാനിച്ചാണ് ഇസ്രായേല്‍ സൈന്യം വെടിവയപ് നടത്തിയതെന്നും എച്ച്ആര്‍ഡബ്ല്യു പുറത്തിറക്കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കി. മാര്‍ച്ച് 30ന്  ഭൂമിദിനമാചരിക്കുന്ന വേളയില്‍ ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 17 പേര്‍ മരിക്കുകയും ആയിരക്കണക്കിനു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതിര്‍ത്തിക്കപ്പുറത്ത് നടന്ന സമരം  ഇസ്രായേല്‍ സൈനികര്‍ക്ക് ഭീഷണിയായിരുന്നില്ല.  പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നു കല്ലേറ് അടക്കമുള്ള  എന്തെങ്കിലും തെളിവ് ഹാജരാക്കാന്‍ ഇസ്രായേല്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. കുടുതല്‍ മരണവും പരിക്കും ലക്ഷ്യംവച്ചാണ്  ഇസ്രായേല്‍ സൈന്യം വെടിവയ്പ് നടത്തിയതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി.
ഇത്രയും പേരെ വെടിവച്ചുകൊന്ന ശേഷം സംഭവത്തെക്കുറിച്ച് ഒരു അന്വേഷണവും ആവശ്യമില്ലെന്ന ഇസ്രായേല്‍ അധികൃതരുടെ നലപാട് ഫലസ്തീനികളുടെ ജീവന് ഒരു വിലയും അവര്‍ കല്‍പിക്കുന്നില്ലെന്നതിന് തെളിവാണെന്ന് സംഘടനയുടെ മിഡിലീസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ എറിക് ഗോള്‍ഡ്‌സ്‌റ്റെയിന്‍ അഭിപ്രായപ്പെട്ടു.
ഭൂമിദിനാചരണത്തിന്റെ 42ാം വാര്‍ഷിക ദിനത്തില്‍  അതിര്‍ത്തിയിലേക്ക് ഫലസ്തീനികള്‍ നടത്തിയ പ്രകടനത്തിനു നേരെയായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവയ്പ്. ഗസയോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തിയില്‍ അഞ്ച് കേന്ദ്രങ്ങളിലായി നടന്ന പ്രകടനങ്ങള്‍ക്കെതിരേ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.

RELATED STORIES

Share it
Top