ഗസ യുദ്ധത്തിന്റെ വക്കിലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

ന്യൂയോര്‍ക്ക് സിറ്റി: ഗസ യുദ്ധത്തിന്റെ വക്കിലെന്നു യുഎന്‍ സെക്രട്ടറി ജനറല്‍  അന്തോണിയോ ഗുത്തേറഷ്. ഗസയിലെ അതിക്രമങ്ങള്‍ക്കെതിരേയാണു യുഎന്‍ സെക്രട്ടറി ജനറല്‍  മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇസ്രായേലും ഹമാസും 2014ലെ വെടിനിര്‍ത്തല്‍ കരാര്‍ പുനപ്പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗസയില്‍ ജനങ്ങള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്ത സംഭവം ഞെട്ടിച്ചതായി യുഎന്‍ രക്ഷാസമിതിയില്‍ ഗുത്തേറഷ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
കുട്ടികളെയും മാധ്യമപ്രവര്‍ത്തകരെയും സന്നദ്ധപ്രവര്‍ത്തകരെയും തിരഞ്ഞുപിടിച്ചു കൊല്ലുന്ന സുരക്ഷാ സംഘത്തിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ല. മരണഭയമോ, പരിക്കേല്‍ക്കുമെന്ന ഭയമോ കൂടാതെ അവരുടെ ജോലികള്‍ ചെയ്യാന്‍ അവരെ അനുവദിക്കണം. ജനങ്ങള്‍ക്കു നേരെ സംയമനം പാലിക്കേണ്ട ഉത്തരവാദിത്തം സൈന്യത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫലസ്തീന്‍ ജനതയ്ക്ക് അന്തസ്സോടെ ജീവിക്കാനുള്ള സഹചര്യം ഗസയില്‍ ഉണ്ടാവേണ്ടുതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേല്‍-ഗസ അതിര്‍ത്തിയില്‍ കഴിഞ്ഞ മാര്‍ച്ച് 30 മുതലാണു ശക്തമായ പ്രതിഷേധം ആരംഭിച്ചത്. ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 130ഓളം ഫലസ്തീനുകാര്‍ കൊല്ലപ്പെടുകയും 13,000 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും പകുതിയിലധികം പേരുടെ കൈയിലും ആയുധങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.
പ്രതിഷേധം റിപോര്‍ട്ട് ചെയ്യാനെത്തിയ രണ്ടു ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരും പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ സഹായം നല്‍കിയിരുന്ന പ്രവര്‍ത്തകയും കൊല്ലപ്പെട്ടവരില്‍പ്പെടും. ഫലസ്തീനുകാര്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്ന് ഗുത്തേറഷ് ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണങ്ങളില്‍ ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

RELATED STORIES

Share it
Top