ഗസ: മരണം 60 ആയി; പ്രക്ഷോഭം തുടരുന്നു

ജറുസലേം: ഗസാ അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തുകയായിരുന്ന ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 61 ആയി. ഫലസ്തീനിലെ നക്ബ ദിനാചരണത്തിന്റെ 70ാം വാര്‍ഷിക ദിനമായ ഇന്നലെയും ഇസ്രായേലിന്റെ നരനായാട്ടിനെതിരേ ഫലസ്തീന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ തുടര്‍ന്നു.
പ്രക്ഷോഭകര്‍ക്കെതിരേ സൈന്യം കണ്ണീര്‍വാതക പ്രയോഗമടക്കം വ്യാപക അക്രമം അഴിച്ചുവിട്ടു. ഗസയില്‍ ഇസ്രായേല്‍ സൈന്യം പ്രയോഗിച്ച കണ്ണീര്‍വാതക ഷെല്‍ വീട്ടിലേക്കു പതിച്ച് എട്ടു മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു.
ബത്‌ലഹേം, നബ്‌ലുസ്, റാമല്ല, ഹെബ്രോണ്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ അധിനിവേശ സൈന്യം  പ്രക്ഷോഭകര്‍ക്കെതിരേ ആക്രമണം അഴിച്ചുവിട്ടു. ബത്‌ലഹേമില്‍ കണ്ണീര്‍വാതക പ്രയോഗത്തിലും വെടിവയ്പിലും 46 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി വെസ്റ്റ്ബാങ്കില്‍ ചൊവ്വാഴ്ച പണിമുടക്ക് നടത്താന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആഹ്വാനം ചെയ്തിരുന്നു.
ഇസ്രായേല്‍ ബലംപ്രയോഗിച്ചു പുറത്താക്കിയ പ്രദേശങ്ങളിലേക്ക് ഫലസ്തീന്‍ അഭയാര്‍ഥികളെ മടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു മാര്‍ച്ച് 30നാണ് ഫലസ്തീനികള്‍ പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭത്തിനു നേരെയുള്ള സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 104 ആയി ഉയര്‍ന്നു. 11000ല്‍ അധികം പേര്‍ക്കു പരിക്കേറ്റു. ഇതില്‍ 3500 പേര്‍ വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റവരാണ്. എന്നാല്‍, പ്രക്ഷോഭത്തിനിടെ ഒരു ഇസ്രായേല്‍ സൈനികനും പരിക്കേറ്റതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

RELATED STORIES

Share it
Top