ഗസ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം

ജറുസേലം: ഗസ അതിര്‍ത്തിയില്‍ ഫലസ്തീന്‍ പ്രക്ഷോഭകരും ഇസ്രായേല്‍ സൈനികരും തമ്മില്‍ വീണ്ടും സംഘര്‍ഷം. കാറിന്റെ ടയറുകള്‍ കത്തിക്കുകയും കല്ലേറു നടത്തുകയും ചെയ്ത ഫലസ്തീനികള്‍ക്കു നേരെ വെടിയുതിര്‍ത്തതായി  ഇസ്രായേല്‍ സൈന്യം അറിയിച്ചു. വെടിവയ്പ്പില്‍ മൂന്നു പ്രക്ഷോഭകര്‍ക്കു കാലിനു പരിക്കേറ്റതായാണു സൈന്യത്തിന്റെ വിശദീകരണം.
ഇസ്രായേല്‍ അധീനതയിലുള്ള തങ്ങളുടെ ഭൂമിയിലേക്ക് മടങ്ങിവരാന്‍ അഭയാര്‍ഥികളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫലസ്തീനികള്‍ പ്രക്ഷോഭം നടത്തുന്നത്. എന്നാല്‍ ഗസയില്‍ ഹമാസിന്റെ നേതൃത്വത്തില്‍ അക്രമസമരമാണ് നടക്കുന്നതെന്നാണ് ഇസ്രായേലിന്റെ ആരോപണം. സ്ഥിതിഗതികള്‍ മാറുന്നില്ലെങ്കില്‍ പ്രക്ഷോഭകര്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നും സൈനിക നേതൃത്വം അറിയിച്ചു.
1948ലെ അറബ് യുദ്ധത്തില്‍  കുടിയിറക്കപ്പെട്ടവരെ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്് ആറാഴ്ച നീണ്ടുനില്‍ക്കുന്ന പ്രതിഷേധ പരിപാടികളാണ് ഹമാസും മറ്റു ഫലസ്തീന്‍ സംഘടനകളും ആസൂത്രണം ചെയ്തിരിക്കുന്നത്്. എന്നാല്‍ പ്രക്ഷോഭകര്‍ തങ്ങളുടെ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുകയാണെന്നാണ് ഇസ്രായേലിന്റെ ആരോപണം. അതിര്‍ത്തി വേലിക്കു സമീപത്തെത്തുന്ന പ്രക്ഷോഭകരുടെ ജീവന്‍ അപകടത്തിലാവുമെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി അവിഡോര്‍ ലീബര്‍മാന്‍  മുന്നറിയിപ്പു നല്‍കി.
മസ്ജിദുല്‍ അഖ്‌സയ്ക്കു നേരെ ജൂതകുടിയേറ്റക്കാരുടെ ആക്രമണമുണ്ടായതായും റിപോര്‍ട്ടുണ്ട്്. വ്യാഴാഴ്ച ജൂതരുടെ ആഘോഷ പരിപാടികള്‍ക്കു ശേഷമാണ് നൂറുകണക്കിന് ജൂതകുടിയേറ്റക്കാര്‍ അഖ്‌സയ്ക്കു നേരെ കല്ലെറിഞ്ഞതും ആക്രമണശ്രമം നടത്തിയതും. ഇസ്രായേല്‍ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ അകമ്പടിയോടെയായിരുന്നു ജൂതരുടെ ആക്രമണം. ഫലസ്തീന്‍ ന്യൂസ് ഏജന്‍സി “വഫ’യാണ് വാര്‍ത്ത പുറത്തുവിട്ടത്.  മതപരമായ ചടങ്ങുകള്‍ അഖ്‌സയ്ക്കു സമീപമുള്ള റോക്ക് മോസ്‌കിന് സമീപം വച്ചാണു ജൂതവിശ്വാസികള്‍ നിര്‍വഹിച്ചത്. 491 ജൂത കുടിയേറ്റക്കാരും 13 പോലിസും ചേര്‍ന്ന് പള്ളി പരിസരത്തേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നുവെന്നു മസ്ജിദുല്‍ അഖ്‌സ വക്താവ് ഫിറാസ് അല്‍ദിബ് പറഞ്ഞു.
മാര്‍ച്ച് 30ന് ഗസ അതിര്‍ത്തിയിലുണ്ടായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

RELATED STORIES

Share it
Top