ഗസാ കൂട്ടക്കൊല: സ്വതന്ത്ര അന്വേഷണത്തെ യുഎസ് തടഞ്ഞു

ന്യൂയോര്‍ക്ക്: ഗസയില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കൊലയില്‍ 60ഓളം പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നു. കുവൈത്താണ് വിഷയത്തില്‍ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിച്ചത്. എന്നാല്‍, വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തുന്നതിനെ രക്ഷാസമിതി സ്ഥിരാംഗമായ യുഎസ് തടഞ്ഞു. കൊല്ലപ്പെട്ടവര്‍ക്കായി ഒരു മൗന പ്രാര്‍ഥന നടത്തിയ ശേഷമായിരുന്നു യോഗം ആരംഭിച്ചത്.
ഹമാസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നായിരുന്നു ഇസ്രായേല്‍ അംബാസഡര്‍ ഡാനി ദനോനിന്റെ പ്രതികരണം. ഹമാസ് മേഖലയില്‍ യുദ്ധക്കുറ്റം നടത്തുകയാണെന്നും ഇസ്രായേല്‍ ആരോപിച്ചു.
ഇസ്രായേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു യുഎസ് അംബാസഡര്‍ നിക്കി ഹാലെ വാദിച്ചത്. ഗസാ താഴ്‌വരയിലെ അനിയന്ത്രിതമായ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഉടന്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നു യുഎന്‍ പശ്ചിമേഷ്യന്‍ സമാധാന പ്രവര്‍ത്തക വിഭാഗം കോ-ഓഡിനേറ്റര്‍ നികോലായ് മ്ലാദിനോവ് അറിയിച്ചു.
ഗസയില്‍ ഇസ്രായേല്‍ അതിക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ചീഫ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ എന്തു നടപടി വേണമെങ്കിലും സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
ഫലസ്തീനികള്‍ക്കെതിരായ അക്രമത്തില്‍ പ്രതിഷേധിച്ച് തുര്‍ക്കി ഇസ്രായേല്‍ അംബാസഡറെ പുറത്താക്കി. അംബാസഡര്‍ ഈതന്‍ നാഇഹ് രാജ്യം വിടണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്ക തങ്ങളുടെ ഇസ്രായേലിലുള്ള അംബാസഡറെ തിരിച്ചുവിളിച്ചു. തുര്‍ക്കിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇസ്രായേലും തങ്ങളുടെ തുര്‍ക്കി പ്രതിനിധിയെ പുറത്താക്കി.

RELATED STORIES

Share it
Top