ഗസയില്‍ കനത്ത വ്യോമാക്രമണം; രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗസ സിറ്റി: ഗസയില്‍ ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയും പകലും നീണ്ടുനിന്ന വ്യോമാക്രമണമാണു ഗസയില്‍ ഇസ്രായേല്‍ നടത്തിയത്.
2014ല്‍ ഹമാസുമായുണ്ടായ യുദ്ധത്തിനു ശേഷം ഇസ്രായേല്‍ നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്. ഹമാസിന്റെ നിരവധി കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തതായി ഇസ്രായേല്‍ സേന അറിയിച്ചു. ഗസയില്‍ നിന്ന് ഇസ്രായേലിനു നേരെ നടത്തിയ റോക്കറ്റ് ആക്രമണത്തിനുള്ള പ്രത്യാക്രമണമാണിതെന്നും ഇസ്രായേല്‍ അവകാശപ്പെട്ടു.
പടിഞ്ഞാറന്‍ ഗസയില്‍ അല്‍ കുതൈബയിലുണ്ടാ വ്യോമാക്രമണത്തില്‍ പരിക്കേറ്റ ആമിര്‍ എല്‍ നിംറി (15), ലുവായ് ഖഹീല്‍ (16) എന്നിവര്‍ മരിച്ചതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവിടെ 12 പേര്‍ക്കു പരിക്കേറ്റു. അല്‍ കുതൈബ ചത്വരത്തില്‍ അവധിദിനം ചെലവഴിക്കാനെത്തിയവര്‍ക്കു നേരെയായിരുന്നു വ്യോമാക്രമണം. ഗസയുടെ വിവിധ ഭാഗങ്ങളിലായി 30 പേര്‍ക്കു പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.
ഹമാസിന്റെ ബറ്റാലിയന്‍ ആസ്ഥാനവും പരിശീലന കേന്ദ്രവും തകര്‍ത്തതായി ഇസ്രായേല്‍ വെളിപ്പെടുത്തി. സൈനിക നടപടി തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

RELATED STORIES

Share it
Top