ഗസയില്‍ ഇസ്രായേല്‍ ആക്രമണം

ഗസ: ഗസ മുനമ്പില്‍ ശക്തമായ ഇസ്രായേല്‍ ആക്രമണം. 25 ഇടങ്ങളിലേക്കാണ് ഇസ്രായേല്‍ സൈന്യം റോക്കറ്റുകള്‍ വിക്ഷേപിച്ചത്. ആശുപത്രിക്കു നേരെ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാജി അഹ്മദ് അല്‍ സനീന്‍ എന്ന 25കാരനാണു മരിച്ചത്. ഇയാളുടെ മാതാവ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന ആറ് കുട്ടികള്‍ക്കും ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റു. ഗസ സിറ്റിയിലും ഗസ മുനമ്പിലും നിരവധി പ്രാവശ്യം റോക്കറ്റ് ആക്രമണമുണ്ടായി. ഖാന്‍ യൂനുസില്‍ ശക്തമായ സ്‌ഫോടനം നടന്നുവെന്നും ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു. ഇസ്രായേലിലെ ബീര്‍ഷേബയിലുണ്ടായ റോക്കറ്റ് ആക്രമണത്തിനു തിരിച്ചടിയായിട്ടാണ് ഗസയ്ക്കു നേരെ റോക്കറ്റുകള്‍ വിട്ടതെന്ന് ഇസ്രായേല്‍ അറിയിച്ചു. ഇസ്രായേലിലുണ്ടായ ആക്രമണത്തില്‍ ഒരു വീട് തകര്‍ന്നിരുന്നു. ആക്രമണത്തില്‍ തകര്‍ന്ന വീട്ടിനുള്ളില്‍ യുവതിയും മൂന്നു കുട്ടികളുമാണ് ഉണ്ടായിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
അപകടസൂചന ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ വീട്ടിനുള്ളില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു. ഗസയില്‍ നിന്നുള്ള രണ്ടാമത്തെ റോക്കറ്റ് തെല്‍ ആവീവിനു സമീപം കടലില്‍ പതിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ബീര്‍ഷബയില്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎസ് സന്ദര്‍ശനം ഇസ്രായേല്‍ സൈനികമേധാവി റദ്ദാക്കുകയും ചെയ്തു. എന്നാല്‍ ഇസ്രായേലില്‍ നടന്ന റോക്കറ്റ് ആക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് ഹമാസ് അറിയിച്ചു.

RELATED STORIES

Share it
Top