ഗസയിലെ പ്രധാന പാത ഇസ്രായേല്‍ അടച്ചു

ഗസാ സിറ്റി: അതിര്‍ത്തിയിലൂടെ കത്തുന്ന ബലൂണുകളും പട്ടങ്ങളും പറത്തിക്കുന്ന തിന്റെ പേരില്‍ ഗസാ മുനമ്പിലേക്കുള്ള പ്രധാന കാര്‍ഗോ പാത ഇസ്രായേല്‍ അടച്ചു. ഭക്ഷണവും മരുന്നുമല്ലാതെ മറ്റൊന്നും ഇതിലൂടെ കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്നാണ് ഇസ്രായേല്‍ അധികൃതരുടെ നിലപാട്.
ഹമാസിനെതിരേ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണമെന്ന് ഇസ്രായേല്‍ പറയുന്നു. എന്നാല്‍, ഇസ്രായേലിന്റെ നടപടി മനുഷ്യരാശിക്കെതിരായ പുതിയ കുറ്റമാണെന്നു ഹമാസ് വക്താവ് പറഞ്ഞു.ഫലസ്തീനികള്‍ ഇന്ധനവും സ്‌ഫോടക വസ്തുക്കളും നിറച്ച പട്ടവും ബലൂണുകളും ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് പറത്തുകയാണെന്നും ഇതു വ്യാപകമായി തീപ്പിടിത്തത്തിനു കാരണമാവുന്നുവെന്നും ഇസ്രായേല്‍ ആരോപിച്ചു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ 750 തീപ്പിടിത്തങ്ങളാണ് ഇത്തരത്തില്‍ ഇസ്രായേലില്‍ സംഭവിച്ചത്.
6400 ഏക്കറോളം ഭൂമി കത്തിനശിക്കുകയും ചെയ്തു. എന്നാല്‍, ഇസ്രായേല്‍ ആക്രമണത്തില്‍ 130 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 15,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നു ഗസയിലെ ആരോഗ്യ വകുപ്പ് അറിയിച്ചു.

RELATED STORIES

Share it
Top